ന്യൂഡൽഹി > കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് ശംഭു അതിർത്തിയിൽ തടഞ്ഞ് പൊലീസ്. മാർച്ചിനു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. വെള്ളിയാഴ്ചത്തേതിലും തീവ്രമായ രീതിയിലാണ് പൊലീസ് ഇന്ന് ടിയർഗ്യാസ് പ്രയോഗിക്കുന്നതെന്നും പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നുമാണ് സമരത്തിന്റെ ഭാഗമായ കർഷകർ അറിയിക്കുന്നത്. മൂന്ന് കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായി ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ച് ഇന്ന് ഉച്ചക്കാണ് പുനരാരംഭിച്ചത്. വെള്ളിയാഴ്ചയും മാർച്ചിന് നേരെ പൊലീസ് ടിയർ ഗ്യാസ് ഷെല്ലുകളും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. ഇതിൽ നിരവധി കർഷകർക്ക് പരിക്കേറ്റതോടെ മാർച്ച് താൽക്കാലികമായി നിർത്തിയിരുന്നു.
ഇന്ന് പുനരാരംഭിച്ച മാർച്ച് തടയാൻ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള വൻ പൊലീസ് സന്നാഹമാണ് അതിർത്തിയിൽ അണിനിരന്നിരിക്കുന്നത്. ശംഭു അതിർത്തിയിൽ സിമന്റ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകളിൽ ആണികളും സ്ഥാപിച്ചിട്ടുണ്ട്. അതിർത്തിയുടെ ഒരു കിലോമീറ്റർ മുൻപ് വെച്ച് മാധ്യമപ്രവർത്തകർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് നേരത്തെ പഞ്ചാബ് പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇത് വിവാദമായതോടെ നിലവിൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ല. ശംഭു അതിർത്തിയിലും അംബാലയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിർത്തിയിൽ ഈ മാസം ഒൻപത് വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മാർച്ചിന്റെ ഭാഗമായ 101 കർഷകരുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അതിൽ സംശയാസ്പദമായ വ്യക്തികൾ ആരും ഇല്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. മാർച്ച് സമാധാനപരമായിരിക്കും എന്ന് കർഷക സംഘടനകളും അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ എത്തുന്നതിൽ നിന്ന് കർഷകരെ തടസപ്പെടുത്തില്ലെന്നായിരുന്നു ഹരിയാന സർക്കാരും ബിജെപി നേതൃത്വവും നേരത്തെ അറിയിച്ചിരുന്നത്. ഇതിന് വിരുദ്ധമായി ഡൽഹിലേക്ക് കടക്കാൻ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ബാരിക്കേഡുകൾക്ക് സമീപമെത്തിയ കർഷകരുടെ തിരിച്ചറിയൽ കാർഡുകൾ സമർപ്പിക്കാൻ പൊലീസ് ആവശ്യപ്പെടുന്നുണ്ട്. ഡൽഹിയിലേക്ക് കടത്തിവിടാൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയാൽ മാത്രമെ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കൂ എന്നാണ് കർഷകർ പറയുന്നത്.
മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ മസ്ദൂർ മോർച്ച, രാഷ്ട്രീയതര സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്. പ്രതിഷേധം മുന്നൂറാം ദിവസത്തിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലും കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം. അല്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് അനുവദിക്കണം എന്നാണ് കർഷകരുടെ നിലപാട്. വളരെ സമാധാനപരമായ പ്രതിഷേധമാണ് കർഷകർ താൽപര്യപ്പെടുന്നതെന്നും അതുപോലും അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരെന്നും കർഷകനേതാവ് സർവൻ സിങ് പന്ഥർ പറഞ്ഞു. വെള്ളിയാഴ്ച പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ 16 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് കേൾവി നഷ്ടമായെന്നും അദ്ദേഹം അറിയിച്ചു.