ശിശുക്ഷേമ സമിതിയിലെ ക്രൂരത; മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന,

ശിശുക്ഷേമ സമിതിയിലെ ക്രൂരത; മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന, 


തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറുിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയ  നടത്തിയ വെളിപ്പെടുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞുങ്ങളെ കൗണ്‍സിലിംഗിനും വിധേയരാക്കും.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന മുന്‍ ആയയുടെ വെളിപ്പെടുത്തല്‍ ഇന്നലെയാണ്  പുറത്ത് വിട്ടത്. കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്തുവെക്കേണ്ട ആയമാരില്‍ പകുതി പേരും ഇത്തരക്കാരാണെന്നും മുന്‍ ജീവനക്കാരി വെളിപ്പെടുത്തി. ഇതോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങളെയും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന് തീരുമാനിച്ചത്. പ്രത്യേക സംഘത്തില്‍ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും. ഇവരുടെ കൗണ്‍സിലിംഗില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനവിവരം പുറത്ത് വന്നാല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. കൃത്യമായ ഇടവേളയില്‍ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊതു സ്വകാര്യ മേഖലകളിലുള്ള അഭയകേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ജില്ലാ ശിശുക്ഷേമ സമിതികള്‍ക്ക് ഒരു റോളും ഇല്ലാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെെന്നാണ് വിദഗ്ധരുടെ അഭിപ്രായം.