പേരാവൂർ (കണ്ണൂർ): ഒടുവിൽ മാപിൻ്റെ കാര്യത്തിൽ തീരുമാനമായി. ആകെ കരടായി മാറിയ സംസ്ഥ‌ാനത്തെ പരിസ്‌ഥിതി ലോല മേഖല 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റർ മാത്രമാണെന്ന് രേഖപ്പെടുത്തിയ റിപ്പോർട്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് കൈമാറിയതായി സംസ്‌ഥാന പരിസ്‌ഥിതി വകുപ്പ് സെക്രട്ടറിയുടെ അറിയിപ്പ്. 


പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് വ്യക്‌തത ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് സെപ്റ്റംബർ നാലിന് നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാലാവസ്‌ഥ വ്യതിയാന വകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി ലോല മേഖല സംബന്ധിച്ച മാപ് വൻ വിവാദങ്ങൾക്ക് വഴി വച്ചതിനെ തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്‌തത തേടിയും നടപടികളുടെ വിശദാംശങ്ങൾ ആരാഞ്ഞും സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

 2017 മേയിൽ 9107 ചതുരശ്ര കിലോമീറ്റർ എന്നും കണക്കാക്കിയിരുന്നു. പിന്നീട് സർക്കാർ നൽകിയ റിപ്പോർട്ടിൽ അവസാനഘട്ട പരിശോധനകൾക്കും പൊതുജനങ്ങളുടെ അഭിപ്രായ സമാഹരണത്തിനും ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമമാക്കുന്നതിന് ഉള്ള അവസാന നടപടിക്രമത്തിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളോടും 2024 മാർച്ച് മാസത്തിൽ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന വ്യവസ്‌ഥയ്ക്ക് വിധേയമായി സംസ്‌ഥാനത്തിൻ്റെ പുതുക്കിയ ഇഎസ്എ നിർദേശം 2024 മേയ് 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു. ലഭ്യമായ ഭൂ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ മുമ്പ് കണക്കാക്കിയ 92 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റർ മാത്രമാണ് എന്ന് റിപ്പോർട്ട് ചെയ്ത‌ിരുന്നു. എന്നാൽ പുതിയ വില്ലേജുകളുടെ അതിർത്തി പുനർ നിർണ്ണയിക്കുകയും ചിലത് വിഭജിക്കുകയും ചെയ്‌തതിനെ തുടർന്ന് ആകെ വില്ലേജുകളുടെ എണ്ണം 92 ൽ നിന്നും 98 ആയി മാറി അതോടൊപ്പം ആകെ അളവ് 8656 46 ചതുരശ്ര കിലോമീറ്ററായി വീണ്ടും 8711.98 ആയും മാറിയിരുന്നു.. പഞ്ചായത്തുകളുടെ അഭിപ്രായവും ആക്ഷേപങ്ങളും പരാതികളും കൂടി പരിശോധിച്ചതിനു ശേഷം അന്തിമ റിപ്പോർട്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചത്. 

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ കണക്കെടുപ്പിന് ശേഷം ഇഎസ്.എയുടെ വിസ്തൃതി വീണ്ടും കുറഞ്ഞു. സൂക്ഷ്‌മ പരിശോധനകൾക്കു ശേഷം സംസ്‌ഥാനത്തെ ഇഎസ്എ 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്റർ മാത്രമാണെന്ന് കണക്കാക്കിയാണ് അന്തിമ റിപ്പോർട്ട് നവംബർ രണ്ടിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ളതെന്നും പരിസ്‌ഥിതി വകുപ്പ് സെക്രട്ടറി വ്യക്‌തമാക്കിയിട്ടുണ്ട്. കാര്യമൊക്കെ കാര്യം, സംസ്ഥാന സർക്കാരിൻ്റെ ഈ നിലപാട് കേന്ദ്രം അംഗീകരിക്കുമോ എന്നേ ഇനി അറിയാനുള്ളൂ. 123 വില്ലേജുകളിലായി ആകെ13108 ച.കി.മീ പരിസ്ഥിതി ലോല മേഖലയാണെന്ന് ഒരു പഠനവും നടത്താതെ പ്രഖ്യാപിച്ച് 2013 ൽ തെരുവു യുദ്ധത്തിലേക്ക് എത്തിച്ച പരിസ്ഥിതി ലോല മേഖലയുടെ വിസ്തീർണക്കണക്ക് പിന്നീട് പലതവണ മാറി മറിഞ്ഞിട്ടുണ്ട്. 9993.7 ചകിമീ ആയി താൽക്കാലികമായി നിജപ്പെടുത്താൻ കേന്ദ്ര സർക്കാർ പലതവണ കരട് വിജ്ഞാപനം ഇറക്കി കൊണ്ടിരുന്നു. പല ഘട്ടത്തിലും പല അളവുകൾ മാറി മാറി നൽകി സംസ്ഥാന സർക്കാർ അളവ് കുറയ്ക്കാൻ ശ്രമിച്ചു. പലപ്പോഴും കൃത്യ സമയത്ത് മറുപടി നൽകാത്തതിലൂടെ വിവാദങ്ങളും സംഘർഷങ്ങളും വരെയായി. ബാധിക്കുന്ന വില്ലേജുകളുടെ എണ്ണത്തിലും മാപ് കളിലും വരെ വ്യതിയാനങ്ങൾ വന്നുകൊണ്ടിരുന്നു