മെക്‌സിക്കോ സിറ്റി: ആത്മീയ ചികിത്സയുടെ ഭാഗമായി തവളവിഷം കുടിച്ച മെക്‌സിക്കൻ നടിക്ക് ദാരുണാന്ത്യം. ഷോർട്ട് ഫിലിം നടിയായ മാഴ്‌സെല അൽകാസർ റോഡ്രിഗസ്(33) ആണ് മരിച്ചത്. വിഷമിറക്കൽ ചികിത്സയ്ക്കിടെയാണ് ഇവർ ഭീമൻ ആമസോൺ തവളയായ 'കാംബോ'യുടെ വിഷം കഴിച്ചതെന്ന് അർജന്റീന മാധ്യമമായ 'ഇൻഫോബേ' റിപ്പോർട്ട് ചെയ്തു.

കാംബോ ഉൾപ്പെടെയുള്ള തവളകളുടെ വിഷം ഉപയോഗിച്ചുള്ള ചികിത്സയ്ക്കു മിക്ക രാജ്യങ്ങളിലും നിരോധനമുണ്ട്. എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പലയിടത്തും ഇത്തരത്തിലുള്ള വിഷചികിത്സ വ്യാപകമാണ്. ഇത്തരത്തിലൊരു ചികിത്സയ്ക്കിടെയായിരുന്നു റോഡ്രിഗസ് വിഷം അകത്താക്കിയത്.

ഒരു ആത്മീയ ധ്യാന പരിപാടിക്കിടെയാണു സംഭവം. രോഗശാന്തി പരിശീലനം എന്ന പേരിലുള്ള ഹീലർ ട്രെയിനിങ് ഡിപ്ലോമ കോഴ്‌സ് ചെയ്യുകയായിരുന്നു മാഴ്‌സെല. ഇതിനിടയിലാണ് 'കാംബോ' വിഷം കഴിച്ചത്. പിന്നാലെ ശരീരം പ്രതികരിച്ചു തുടങ്ങുകയും ചെയ്തു. കടുത്ത ഛർദിയെ തുടർന്ന് അവശനിലയിലായി യുവതി. എന്നാൽ, ചികിത്സയുടെ പ്രതികരണം ശരീരം കാണിച്ചു തുടങ്ങുന്നതാണെന്നു പറഞ്ഞ് ആശുപത്രിയിൽ പോകാൻ ഇവർ വിസമ്മതിച്ചു. ആരോഗ്യനില വഷളായതോടെ സുഹൃത്ത് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

റോഡ്രിഗസിന്റെ മരണത്തിൽ മെക്‌സിക്കൻ സിനിമാ നിർമാണ കമ്പനിയായ മഫാകെ ഫിലിംസ് അനുശോചനം രേഖപ്പെടുത്തി. നടിയുടെ മരണം തങ്ങളുടെ ഹൃദയങ്ങളിലും ചലച്ചിത്ര സമൂഹത്തിനിടയിലും വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് കമ്പനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 'കാംബോ ചികിത്സ' ഒരു ആചാരം പോലെയാണ്. ഒരു ലിറ്റർ വെള്ളം കുടിച്ച ശേഷം ചര്‍മം പൊള്ളിക്കുന്നതാണ് ഈ ചികിത്സാരീതി. ഇതിനുശേഷം പൊള്ളിയ തൊലിക്കകത്തുകൂടെ തവളവിഷം കയറ്റും. പതുക്കെ വിഷപ്രയോഗം പ്രതികരിച്ചുതുടങ്ങും. ഛർദിയിലൂടെയും നിയന്ത്രണമില്ലാത്ത മലമൂത്ര വിസർജനത്തിലൂടെയുമാകും തുടക്കം. രക്തസമ്മർദവും ഹൃദയമിടിപ്പും കൂടും. ക്ഷീണവും തളർച്ചയും ചുണ്ടുകൾ വിളറുന്നതുമെല്ലാം മറ്റു ലക്ഷണങ്ങളാണ്.

ഒരു മണിക്കൂറോളം ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം. എന്നാൽ, ചില സമയത്ത് വിഷത്തിന്റെ ആഘാതത്തിൽ പക്ഷാഘാതവും മരണവും വരെ സംഭവിക്കാമെന്നാണു വിവരം. പാർശ്വഫലം ചൂണ്ടിക്കാട്ടിയാണ് കാംബോ ചികിത്സയ്ക്ക് മിക്ക രാജ്യങ്ങളും നിരോധനമേർപ്പെടുത്തിയത്. എന്നാൽ, ശരീരത്തിലെ വിഷാംശങ്ങൾ ശുദ്ധീകരിക്കാനും മാനികവും ആത്മീയവുമായ ഊർജം നേടാനും ഈ ചികിത്സ ഫലപ്രദമാണെന്നാണ് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്. അൾഷിമേഴ്‌സ്, പാർക്‌സിൻസൺസ് രോഗചികിത്സയിലും ഇതു ഫലം ചെയ്തിട്ടുണ്ടെന്നും ഇവർ വാദിക്കുന്നുണ്ട്.

അതേസമയം, നടിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സാകേന്ദ്രത്തിന്റെ ചുമതലയിലുള്ളയാൾ ഒളിവിൽ പോയിരിക്കുകയാണ്. നടിയെ പുറത്തിറങ്ങാൻ ഇയാൾ സമ്മതിച്ചിരുന്നില്ലെന്ന് പരായി ഉയര്‍ന്നിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി മെക്‌സിക്കോ പൊലീസ് അറിയിച്ചു.