നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം, കോടതിയില്‍ ഉയര്‍ന്നത് ശക്തമായ വാദപ്രതിവാദങ്ങള്‍

നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം, കോടതിയില്‍ ഉയര്‍ന്നത് ശക്തമായ വാദപ്രതിവാദങ്ങള്‍




ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് താരത്തിന് ജാമ്യം അനുവദിച്ചത്.

മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചു.
ജനപ്രിയ താരമായതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. പ്രമോഷനായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ആ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സൂപ്പര്‍ താരമാണെന്ന് വച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അല്ലു അര്‍ജുനോട് പറയാന്‍ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയില്‍ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

അല്ലു അര്‍ജുനടക്കമുള്ള താരങ്ങളോട് തിയേറ്റര്‍ സന്ദര്‍ശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു,ഇതിന്റെ രേഖകള്‍ ഹാജരാക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഈ രേഖകള്‍ ഹാജരാക്കുന്നത് വരെ അല്ലു അര്‍ജുന് ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്.

എന്നാല്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന് താരത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രമോഷനായി തിയേറ്ററില്‍ പോയ തന്റെ കക്ഷി ദുരന്തമുണ്ടായത് പോലും പിന്നീടാണ് അറിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു. വലിയ തിക്കും തിരക്കുമുണ്ടാകുമെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്‍ അവിടെ പോയതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദമുയര്‍ത്തിയത്.

അതേസമയം,അനുമതി ലഭിച്ച ശേഷമല്ലേ അല്ലു അര്‍ജുന്‍ അവിടെ പോയതെന്ന് ഹൈക്കോടതിയുടെ ചോദ്യമുന്നയിച്ചു.എന്നാല്‍, അല്ലു അര്‍ജുന് തിയേറ്ററില്‍ പോകാന്‍ അനുമതി നിഷേധിച്ചിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവര്‍ത്തിച്ചു. അനുമതി നിഷേധിച്ചിരുന്നെങ്കില്‍ അത് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയാത്തതെന്തെന്നാണ് താരത്തിന്റെ അഭിഭാഷകന്‍ മറുചോദ്യം ചോദിച്ചത്. വിചാരണ നേരിടാന്‍ തയാറാണെന്നും അതിന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണ്ട ആവശ്യമില്ലെന്നും അല്ലുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഷാരൂഖ് ഖാന്റെ ‘റയീസ്’ സിനിമയുടെ പ്രൊമോഷനിടെ തിക്കിലും തിരക്കിലും വഡോദരയില്‍ ഒരാള്‍ മരിച്ച സംഭവം അല്ലുവിന്റെ അഭിഭാഷന്‍ ഉയര്‍ത്തി കാട്ടി.വഡോദര സ്‌റ്റേഷനില്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നേരെ ഷാരൂഖ് ടീഷര്‍ട്ട് എറിയുകയായിരുന്നു. ഇതെടുക്കാന്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. പിന്നാലെ ഷാരൂഖിനെതിരെ കേസ് എടുത്തെന്നും പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇത് റദ്ദാക്കുകയും ചെയ്‌തെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.സുപ്രീംകോടതി ഇത് ശരിവയ്‌ക്കുകയും ചെയ്തു. സമാനമായ സംഭവമാണ് സന്ധ്യ തിയറ്ററിലുണ്ടായത്. ഷാരൂഖ് ജനക്കൂട്ടത്തെ ഇളക്കി വിടും വിധം ടീഷര്‍ട്ടുകള്‍ എറിഞ്ഞിട്ടാണ് ദുരന്തമുണ്ടായത്. എന്നാല്‍ ഇവിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ അപകടത്തില്‍ പെട്ടപ്പോള്‍ അല്ലു അര്‍ജുന്‍ തിയേറ്ററിന് അകത്തായിരുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു.