
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജയിലിന് മുന്നിൽ എത്തിച്ചേർന്നിരുന്നു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നായിരുന്നു ജയരാജന്റെ പ്രതികരണം. സിപിഎംകാർ കൊല്ലപ്പെടുമ്പോൾ ധാർമിക ബോധം കാശിക്കുപോയോ എന്നും കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജൻ ചോദിച്ചു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.
വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം.
'ജയിൽ പെരിയ കുറ്റവാളികൾക്ക് സ്വർഗലോകം പോലെ' എന്നായിരുന്നു ശരത് ലാലിന്റെ അച്ഛൻ സത്യനാരായണന്റെ പ്രതികരണം. സിപിഎം എന്നാൽ എന്തുമാകാമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സിപിഎം രീതി നാടിനെ ഭയപ്പെടുത്തുന്നു എന്നും സത്യനാരായണൻ പറഞ്ഞു. സിപിഎമ്മിന് ഇനിയും തിരിച്ചറിവായിട്ടില്ലെന്നും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ പോലെയെന്നും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും പറഞ്ഞു.