കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ അടക്കം നാലു പ്രതികള്‍ക്ക് ആശ്വാസം. ഇവരുടെ അഞ്ചുവര്‍ഷം കഠിന തടവ് എന്ന ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌ക്കരന്‍ വെളത്തോളി എന്നിവര്‍ക്കാണ് താല്‍ക്കാലിക ആശ്വാസം കിട്ടിയത്.
കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഇരട്ട ജീവപര്യന്തവും സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ചുകൊല്ലം തടവും പിഴയുമാണ് സിബിഐ കോടതി നല്‍കിയത്. എന്നാല്‍ കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്.
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിധി വേദനാജനകമാണെന്നും നിയമപരമായ വഴികള്‍ ആലോച്ചിച്ച് തീരുമാനിക്കുമെന്നും ശരത്‌ലാലിന്റെ പിതാവ് പ്രതികരിച്ചു. ശിക്ഷ കൂട്ടാന്‍ ഹൈക്കോടതിയെ തന്നെ സമീപിക്കേണ്ടി വരുമെന്നും പറഞ്ഞു.