
മലപ്പുറം: സ്ത്രീയും പുരുഷനും തുല്യമല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഇസ്ലാമിൽ ഒരു സ്ത്രീ എങ്ങനെ ആവണമെന്ന് മുസ്ലിങ്ങള്‍ തീരുമാനിക്കുമെന്നും അത് അംഗീകരിക്കേണ്ടവര്‍ അംഗീകരിച്ചാൽ മതിയെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടെന്നും തുല്യ നീതിയാണ് വേണ്ടതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണെങ്കിൽ കെഎസ്ആര്‍ടിസി ബസുകളിൽ പിന്നെ എന്തിനാണ് സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റുകള്‍?. റെയില്‍വേയിൽ സ്ത്രീകള്‍ക്ക് പ്രത്യേക കോച്ചുകള്‍ നൽകുന്നതും തുല്യതക്കെതിരല്ലേ?. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതിയാണ് വേണ്ടത്. വേദങ്ങളിലും സമാനായ പരാമര്‍ശങ്ങള്‍ ഉണ്ട്. ശബരിമലയിലെ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നുണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
അതേസമയം, പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശത്തനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്തെത്തി. ലിംഗനീതിയെ കുറിച്ചുള്ള നഴ്‌സറി ക്ലാസിൽ സലാമിനെ വിടണമെന്നും വിഷയത്തെ കുറിച്ച് ചെറിയ ക്ലാസിൽ നിന്ന് അവബോധം നൽകണമെന്നും ആനി രാജ പറഞ്ഞു. സലാം പറയുന്നതാണോ പാർട്ടി നിലപാട് എന്ന് ലീഗ് വ്യക്തമാക്കണം. ഇന്നത്തെ കാലത്ത് ഒരു നേതാവും പറയാൻ പാടില്ലാത്തതാണ് സലാം പറഞ്ഞത്. പുരുഷ മേധാവിത്വ പ്രവണത വെളിപ്പെട്ടെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
സ്ത്രീയും പുരുഷനും തുല്യമല്ലെന്നും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നുമായിരുന്നു മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്‍റെ വിവാദ പ്രസ്താവന. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നത്. ഇക്കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. തുല്യതയല്ല തുല്യനീതിയാണ് ലീഗ് നയമെന്നും പിഎംഎ സലാം പറഞ്ഞു