ഉത്തരേന്ത്യയിൽ അതിശൈത്യം; കനത്ത മൂടൽ മഞ്ഞിൽ ഡൽഹി
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുകയാണ്. അന്തരീക്ഷ താപനില ആറ് ഡിഗ്രി സെൽഷ്യസിന് താഴെയായി.
നോയിഡയിൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. പലയിടത്തും 340 മുകളിലാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. തണുപ്പ് കടുത്തതോടെ ഹൃദയസംബന്ധമായ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. വായു മലിനീകരണം രൂക്ഷമായി തുടരുന്നതും ആശങ്ക കൂട്ടുന്നുണ്ട്. വരും ദിവസങ്ങളിലും മൂടൽ മഞ്ഞ് തുടരുമെന്ന് ഐഎംഡി അറിയിപ്പ് നൽകി. ഏറ്റവും കൂടിയ താപനില 15 ഡിഗ്രിയിലേക്ക് കുറയാൻ സാധ്യതയുണ്ടന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് കൂട്ടിചേർത്തു