കേരളത്തിനെ വാനോളം പുകഴ്ത്തി നിതിന്‍ ഗഡ്കരി; 1,30,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും


കേരളത്തിനെ വാനോളം പുകഴ്ത്തി നിതിന്‍ ഗഡ്കരി; 1,30,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും


കൊച്ചി; ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ കേരളത്തെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രി. പുതിയ വികസന പദ്ധതികള്‍ കേരളത്തിനായി പ്രഖ്യാപിച്ചു. 1,30000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക.റോഡ് വികസനത്തിനുള്ള 50000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്, കഞ്ചിക്കോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ 10,840 കോടിയുടെ പദ്ധതികള്‍ 3 മാസത്തിനകം തുടങ്ങും. അങ്കമാലി- കുണ്ടന്നുര്‍ വരെയുള്ള ബൈപാസ് 6 വരിയാക്കാനായി 6500 കോടി രൂപ അനുവദിച്ചു. 45 കിലോമീറ്റര്‍ നീളമുള്ള ഈ ദേശീയപാതയുടെ വികസനപ്രവര്‍ത്തനം 6 മാസത്തിനകം തുടങ്ങും. ഈ റൂട്ടിലെ ഒന്നരമണിക്കൂര്‍ യാത്രാസമയം അരമണിക്കൂറായി ചുരുങ്ങും. 62.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം ഔട്ടര്‍റിങ്‌റോഡ് പദ്ധതിക്ക് 5000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പദ്ധതിയാണിത്. 4 മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.

കൊല്ലം ജില്ലയിലും മലബാര്‍ മേഖലയിലും പല റോഡ് വികസന പദ്ധതികള്‍ക്കും തുക അനുവദിച്ചു. ടൂറിസവും ആയുര്‍വേദവും കേരളത്തിന്റെ നെടുതൂണുകളാണെന്നും അതിനായി കേരളത്തിലെത്തുന്നവരെ ആകര്‍ഷിക്കാനായി മികച്ച അടിസ്ഥാനസൗകര്യം അനിവാര്യമാണെന്നും ഗഡ്കരി പറഞ്ഞു.