ആതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആന ചരിഞ്ഞു ; അണുബാധ തുമ്പിക്കൈയ്യിലേക്ക് കൂടി പടര്‍ന്നു

ആതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആന ചരിഞ്ഞു ; അണുബാധ തുമ്പിക്കൈയ്യിലേക്ക് കൂടി പടര്‍ന്നു


തൃശൂര്‍: കോടനാട് ചികിത്സാകേന്ദ്രത്തില്‍ ചികിത്സ നേടി വരികയായിരുന്നു മസ്തകത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കോടനാട്ടെ ആനകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു കൊമ്പന്‍ ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കോടനാട്ടെ ചികിത്സാകേന്ദ്രത്തില്‍ എത്തിച്ചത്. ആനയുടെ നില വഷളാവുകയായിരുന്നു.

വിദഗ്ദ്ധ ചികിത്സ നല്‍കിവരികയായിരുന്നെങ്കിലും മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലായിരുന്ന കൊമ്പന്‍ അതിജീവിക്കാന്‍ സാധ്യത 30 ശതമാനം മാത്രമായിരുന്നു വെറ്റിനറി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. മസ്തകത്തിന് പുറമേ തുമ്പിക്കയ്യിലും പരിക്കേറ്റിരുന്ന ആനയ്ക്ക് ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മസ്തകത്തിലെ അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചിരുന്നു. ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നിരുന്നാലും ആന തീറ്റയെടുത്ത് തുടങ്ങിയിരുന്നു. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയില്‍ കണ്ടെത്തിയ മുറിവ്.

ഒന്നരമാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്നായിരുന്നു വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. മസ്തകത്തിലെ പഴുപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്തിരുന്നെങ്കിലും തുമ്പിക്കൈയ്യിലെ മുറിവ് വലിയ പ്രശ്‌നമായി മാറിയിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി കോടനാട്ട് എത്തിച്ചത്. കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെന്നാണ് നിഗമനം