വെറും പ്രഹസനമായി ആറളം വന്യജീവി സങ്കേതം അതിർത്തിയിലെ ആനമതിൽ നിർമ്മാണം
ആദിവാസികളുടെ ജീവന് പാഴ്മരങ്ങളുടെ വിലപോലും കൽപ്പിക്കാതെ അധികൃതർ
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആദിവാസികളടക്കം കാട്ടാനകളുടെ കലിയിൽ മരിച്ചൊടുങ്ങുമ്പോഴും മേഖലയിലെ ജനങ്ങളെ രക്ഷിക്കാനെന്ന പേരിൽ നടക്കുന്ന ആനമതിൽ നിർമ്മാണം ഇഴഞ്ഞു നീങുന്നതിനൊപ്പം പ്രഹസനവുമായി മാറുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിറകിനുപോലും കൊള്ളാത്ത പാഴ്മരങ്ങൾ നിൽക്കുന്ന ഭാഗം ഒഴിവാക്കി നടക്കുന്ന മതിൽ നിർമ്മാണം. ഇവ മുറിച്ചുമാറ്റാനുള്ള അനുമതി ലഭിക്കാത്തതു മൂലമാണ് മതിൽ കെട്ടിന് നടുവിൽ നിൽക്കുന്ന ഉപ്പില പോലുള്ള മരങ്ങൾ പോലും മുറിച്ചു മാറ്റാതെ ഇവ ഒഴിവാക്കിക്കൊണ്ടുള്ള നിർമ്മാണം നടക്കുന്നത്. വിറകിന് പോലും കൊള്ളാത്ത ഇത്തരം പാഴ് മരങ്ങളുടെ വിലപോലും പുനരധിവാസ മേഖലയിലെ ആദിവാസി സമൂഹത്തിനു നൽകുന്നില്ല എന്നാണ് ഇതിൽ നിന്നും നമ്മൾ അനുമാനിക്കേണ്ടത്.
ഇത് ആദിവാസി സമൂഹത്തോട് കാണിക്കുന്ന ആത്മാർത്ഥ സ്നേഹമാണോ അല്ലെങ്കിൽ എന്തുതരം വന സ്‌നേഹമാണ് ഈ ആനമതിലിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ഇവിടുത്തെ ആദിവാസികൾ ചോദിക്കുന്നത്. ഫാം 11-ാംബ്ലോക്ക് പുനരധിവാസ മേഖലയിൽ വനാതിർത്തിയിൽ പാതി പൂർത്തിയായ മതിലിന്റെ ഇടയിൽ നിർത്തിയിരിക്കുന്ന കൂറ്റൻ പാഴ്മരത്തിന്റെ കാഴ്ച്ച മതിൽ നിർമ്മാണത്തിൽ അധികൃതർക്കുള്ള അത്മാർത്ഥതയാണ് പ്രതിഫലിപ്പിക്കുന്നത്. പഴയ മതിൽ പൊളിച്ച് ഒരു കിലോമീറ്ററോളം പുതിയ ആനമതിൽ നിർമ്മിക്കുന്ന ഭാഗത്തെ കൂറ്റൻ ഉപ്പില മരം അവിടെ തന്നെ നിർത്തിയാണ് ഇരുഭാഗത്തും നിർമ്മാണം നടത്തിയിരിക്കുന്നത്. കത്തിക്കാൻ പോലും കൊളളാത്ത പാഴ്മരമാണെന്ന് അറിഞ്ഞിട്ടും മതിലിന്റെ നിർമ്മാണത്തിന് തടസമാകുംവിധം മരം അവിടെ നിർത്തിയിരിക്കുകയാണ്. മതിൽ നിർമ്മാണത്തിന് അപകട ഭീഷണിയായ മരങ്ങൾ വിലനിർണ്ണയം നടത്താതെ മുറിക്കാമെന്നും മുറിച്ചിട്ടതിന് ശേഷം വില നിർണ്ണയം നടത്തിയാൽ മതിയെന്ന സർക്കാർ ഉത്തരവ് നിലനില്‌ക്കെയാണ് ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണമാകേണ്ട ആനമതിൽ നിർമ്മാണത്തിനിടയിൽ പാഴ്മരത്തിനോടുള്ള ഈ സ്‌നേഹം. ആറളം വന്യജീവി സങ്കേത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് ആന ഉൾപ്പെടെ എളുപ്പത്തിൽ കടന്നുവരാൻ പറ്റുന്ന രീതിയിലാണ് മതിലുകൾക്കിടയിലുള്ള മരവും വിടവും.
ആദിവാസ ദമ്പതികളുടെ മരണത്തെ തുടർന്നുള്ള പ്രതിഷേധത്തിനൊടുവിൽ മതിൽ നിർമ്മാണം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന ഉറപ്പ് മന്ത്രിയും ജില്ലാ കളക്ടറും വകുപ്പ് മേധാവികളുമെല്ലാം നൽകിയെങ്കിലും ആറുമാസത്തിനൊപ്പം മറ്റൊരു ആറുമാസവും ഉണ്ടായാലും പൂർത്തിയാവില്ലെന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ.10.5 കിലോമീററർ നിർമ്മിക്കേണ്ട മതിലിന്റെ നാലുകിലോമീറ്റർ മാത്രമാണ് ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനായത്. മതിലിന്റെ അലൈൻമെന്റിലുണ്ടായ മാറ്റത്തെ തുടർന്ന് 3.800 കിലോമീറ്റർ ഭാഗത്തെ മരങ്ങൾ എല്ലാം മുറിക്കണം. ഒരു വർഷമായി ആദിവാസി പുനരധിവാസ മിഷനും വനം വകുപ്പും മന്ത്രിമാരുമെല്ലാം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സാമൂഹ്യ വനവത്ക്കരണ വിഭാഗം മരത്തിന്റെ വിലനിർണ്ണയവും പൂർത്തിയാക്കിയിട്ടില്ല. മതിൽ നിർമ്മിക്കേണ്ട ഭാഗത്തെ 400ഓളം മരങ്ങൾ മുറിക്കുന്നതിനുള്ള ക്വട്ടേഷൻ നൽകാനുള്ള അവസാന ദിവസം വെള്ളിയാഴ്ച്ചയാണ്. ക്വട്ടേഷൻ ഒരു ലക്ഷം കവിഞ്ഞാൽ പ്രവ്യത്തി ടെണ്ടർ ചെയ്യേണ്ടി വരും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകണമെങ്കിൽ വീണ്ടും മാസങ്ങൾ പിടിക്കും. ക്വട്ടേഷൻ പ്രകാരം മരങ്ങൾ മുറിക്കാൻ തീരുമാനിച്ചൽ തന്നെ മുറിച്ച മരങ്ങൾ അട്ടിയിട്ട് അവശിഷ്ടങ്ങൾ മറ്റുന്നതിനും മറ്റും ഒരുമാസത്തിലധികമെടുക്കും. നേരത്തേ പൂർത്തിയാക്കേണ്ടിയിരുന്ന ഇത്തരം പ്രവർത്തനങ്ങൾ അധികൃതരുടെ അനാസ്ഥമൂലം വൈകുകയാണ്.
അതേസമയം വിരലിൽ എണ്ണാവുന്ന തൊഴിലാളികളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ചാണ് ഇപ്പോൾ പ്രവ്യത്തി നടക്കുന്നത്. ഇതേ നില തുടർന്നാൽ മതിലിന്റെ പൂർത്തീകരണത്തിന് ഇനിയും മാസങ്ങളെടുക്കും. മതിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന പ്രധാന ആവശ്യങ്ങളാണ് ഫാം നിവാസികളും സന്നദ്ധ, രാഷ്ടീയ സംഘടന നേതാക്കളും ആവശ്യപ്പെടുന്നത്.