കാട്ടാന അക്രമങ്ങൾ തുടരുമ്പോഴും ആന മതിൽ നിർമ്മാണം ഇഴഞ്ഞു തന്നെ

കാട്ടാന അക്രമങ്ങൾ തുടരുമ്പോഴും 
ആന മതിൽ നിർമ്മാണം ഇഴഞ്ഞു തന്നെ  
 















































ഇരിട്ടി: ആറളം  ഫാമിൽ കാട്ടാന അക്രമത്തിൽ മനുഷ്യജീവനുകൾ പിടഞ്ഞു മരിക്കുമ്പോഴും  ആനമതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു.  ഇന്നലെ  രണ്ട് ജീവൻ  പൊലിഞ്ഞപ്പോഴും മതിൽ നിർമ്മാണം ഉടനടി പൂർത്തിയാക്കും എന്ന പതിവ് പല്ലവി ഇക്കുറി പ്രതിഷേധക്കാർക്ക് മുന്നിൽ  ആവർത്തിക്കുവാൻ ഭരണ നേതൃത്വത്തിനോ  ഉദ്യോഗസ്ഥ മെലാളൻന്മാർക്കൊ  ധൈര്യമുണ്ടായില്ല.  അത്രമേൽ പ്രതിഷേധമായിരുന്നു അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഫാമിൽ ഉയർന്നത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ രണ്ടു വകുപ്പ് മന്ത്രിമാരും സബ് കളക്ടറുടെയും നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ചിട്ടും ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട മതിൽ ഒന്നര വർഷമായിട്ടും 30ശതമാനം പ്രവർത്തി മാത്രമാണ് പൂർത്തിയാക്കാനായത്.  കരാർ കാലാവധി വീണ്ടും പുതുക്കി നൽകിയിരിക്കുകയാണ്. 10.5 കിലോമീറ്റർ നിർമ്മിക്കേണ്ട ആനമതിൽ നാല് കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. 2018 ൽ 22കോടി രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയ പ്രവർത്തിക്ക് 2023ൽ 53 കോടിയായിട്ടും  മതിൽ പാതിവഴിക്ക് തന്നെ.  മതിലിന്റെ അലൈൻമെന്റിൽ ് തുടരുന്ന അനിശ്ചിതത്വവും മരം മുറിയുമാണ് പ്രതിസന്ധിയായിരിക്കുന്നത്. സബ് കളക്ടറുടെ മേൽനോട്ടത്തിൽ പൊതുമരാമത്ത് കൊട്ടിട നിർമ്മാണ വിഭാഗവും  ആദിവാസി പുരനധിവാസ മിഷനും ചേർന്നുള്ള മോണിറ്ററിംഗ് സമിതി രൂപവൽക്കരിച്ച് മാസത്തിൽ ഒരുതവണയെങ്കിലും യോഗം  ചേർന്ന് നിർമ്മാണ പ്രവർത്തികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു .ഫാമിന്റെ കാര്യത്തിൽ എടുക്കുന്ന പല തീരുമാനങ്ങളും ഇതുപോലെ നടപ്പിലാക്കാതെ പോവുകയാണ്. പത്തുവർഷത്തിനിടയിൽ 14 ജീവനുകളാണ് ഫാമിൽ കാട്ടാനയുടെ കലിയിൽ  പൊലിഞ്ഞത്. മതിലിന്റെ ഭാഗമായി വരുന്ന  നാലുകിലോമീറ്റർ ഭാഗത്തെ മരം മുറി ഇതുവരെ ആരംഭിച്ചിട്ടില്ല. ഒന്നര കിലോമീറ്റർ ദൂരത്ത് അലൈൻമെന്റിന്റെ മാറ്റത്തെക്കുറിച്ചും അന്തിമ തീരുമാനമായിട്ടില്ല. ഏപ്രിൽനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ഇപ്പോൾ കരാറുകാർക്ക് അന്തിമ നിർദേശം നൽകി ഇരിക്കുന്നത്.