
ഡോക്ടർമാര്‍ക്കുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും രോഗിയുടെ ജീവന്‍ അപകടത്തിലാക്കുന്നു. കഴിഞ്ഞ ദിവസം സമൂഹ മധ്യമങ്ങളില്‍ എഴുതപ്പെട്ട ഒരു കുറിപ്പില്‍ സിസേറിയന്‍ കഴിഞ്ഞ തന്‍റെ ഭാര്യയുടെ വയറ്റില്‍ ഡോക്ടര്‍ സർജിക്കൽ മോപ്പ് മറന്നുവച്ചെന്ന് ഭര്‍ത്താവ് എഴുതി. അത് മൂലം ഭാര്യയ്ക്ക് പലതരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കർഷകനും വ്യാപാരിയുമായ ഗഗൻദീപ്, നിരവധി ചെറു കുറിപ്പുകളിലൂടെയാണ് തനിക്കും ഭാര്യയ്ക്കും നേരിടേണ്ടിവന്ന പ്രശ്നത്തെ കുറിച്ച് എഴുതിയത്.
പുത്തൂർ സിറ്റി ഹോസ്പിറ്റൽ ഡോക്ടർ അനിൽ എസ്, 27-11-2024 ന് ഭാര്യയ്ക്ക് സിസേറിയൻ നടത്തി. 2-12-2024 ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം, 3-4 ദിവസത്തേക്ക് 104 ഡിഗ്രി പനിയായിരുന്നു. ഉടൻ തന്നെ അതേ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ഒപ്പം വയറിന്‍റെ ഒരു വശത്ത് അസാധാരണമായ എന്തോ ഒന്ന് ഉള്ളതായി ഭാര്യ തന്നോട് പറഞ്ഞതായും അദ്ദേഹം എഴുതി. അൾട്രാസൌണ്ട് സ്കാനിംഗ് വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സ്കാനിംഗ് റിപ്പോര്‍ട്ടില്‍ 10 സെന്‍റീമീറ്റര്‍ വലിപ്പമുള്ള എന്തോ വസ്തുവിനെ കണ്ടെത്തി. എന്നാല്‍, റേഡിയോളജിസ്റ്റ് അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അത് ഹെമറ്റോമയാണെന്നും പുറത്ത് നിന്നുള്ള ഒന്നല്ലെന്നുമായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. എന്നാല്‍ അസ്ഥസ്ഥത തുടര്‍ന്നതോടെ കൂടുതല്‍ വ്യക്തതയ്ക്കായി സിടി സ്കാന്‍ വേണമെന്ന് ദമ്പതിമാര്‍ ആവശ്യപ്പെട്ടങ്കിലും കാലക്രമേണ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു ഡോക്ടർമാര്‍ പറഞ്ഞത്. പനിക്കുള്ള മരുന്ന് കഴിച്ചതിനാല്‍ ക്രമേണ പനി കുറഞ്ഞു. പക്ഷേ, തുടര്‍ന്നുള്ള പരിശോധനകളിലും വയറ്റിലെ വസ്കുവിന്‍റെ വലുപ്പത്തില്‍ കുറവ് കണ്ടെത്തിയില്ല. മാത്രമല്ല. പിന്നാലെ ഭാര്യയ്ക്ക് സന്ധി, കാല്‍, കൈത്തണ്ട തുടങ്ങിയ സ്ഥലങ്ങളിൽ വേദന അനുഭവപ്പെട്ട് തുടങ്ങി. ഇത് ഭാര്യയ്ക്ക് നടക്കാനും നില്‍ക്കാനും കുഞ്ഞിന് മുലയൂട്ടാന്‍ പോലും കഴിയാത്തവിധം ശക്തമായി.
വീണ്ടും ആശുപത്രിയെ സമീപിച്ചെങ്കിലും അവര്‍ ഓർത്തോപീഡിസ്റ്റിനെ കാണാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഒപ്പം ആര്ത്രൈറ്റിസ് സ്പെഷ്യലിസ്റ്റിനും റഫർ ചെയ്തു. എന്നാല്‍, അതിനിടെ എടുത്ത സിടി സ്കാൻ ഗോസിപിബോമയും ആമാശയത്തിൽ ഒരു സർജിക്കൽ മോപ്പിന്‍റെ സാന്നിധ്യവും സ്ഥിരീകരിച്ചു. അപ്പോഴേക്കും അണുബാധ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്തിരുന്നു. ലഭിച്ച സിടി സ്കാൻ റിപ്പോർട്ട് ഡോക്ടർ അനിലിനെ കാണിച്ചപ്പോൾ അദ്ദേഹം തന്‍റെ തെറ്റ് അംഗീകരിക്കാൻ വിസമ്മതിച്ചെന്നും അദ്ദേഹം എഴുതി.
ഒടുവുല്‍ ജനുവരി 25 ന് പുത്തൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ വച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി സര്‍ജിക്കൽ മോപ്പ് നീക്കം ചെയ്തു. ഫെബ്രുവരി 15 ന് ഭാര്യയെ ഡിസ്ചാർജ് ചെയ്തു, പക്ഷേ, ഇപ്പോഴും മരുന്ന് കഴിക്കുകയാണെന്നും അദ്ദേഹം എഴുതി. കുഞ്ഞിന് മുലയൂട്ടാന്‍ ഇപ്പോഴും ഭാര്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ദേശീയ ഉപഭോക്തൃ പരാതി പോർട്ടലിലും ഉപഭോക്തൃ കാര്യ വകുപ്പിലും പരാതി നല്‍കിയെന്നും അദ്ദേഹം കുറിച്ചു. പരാതിക്ക് പിന്നാലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ആറംഗ സംഘം കേസ് അന്വേഷിക്കുമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ എച്ച് ആർ തിമ്മയ്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾക്കായി ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.