കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം ; രണ്ടു പ്രതികള്‍ക്കു പരോള്‍ നല്‍കാനുള്ള നീക്കത്തിനെതിരേ മാതാപിതാക്കള്‍ ഹൈക്കോടതിയി ലേക്ക്

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം ; രണ്ടു പ്രതികള്‍ക്കു പരോള്‍ നല്‍കാനുള്ള നീക്കത്തിനെതിരേ മാതാപിതാക്കള്‍ ഹൈക്കോടതിയി ലേക്ക്


കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിലെ രണ്ടു പ്രതികള്‍ക്കു പരോള്‍ നല്‍കാനുള്ള നീക്കത്തിനെതിരേ ഇരുവരുടേയും മാതാപിതാക്കള്‍ ഹൈക്കോടതിയിലേക്ക്. പരോള്‍ നല്‍കുന്നതു നാട്ടില്‍ ക്രമസമാധാന പ്രശ്‌ന സാധ്യതയുണ്ടാക്കുമെന്നും അതിനാല്‍, സര്‍ക്കാര്‍ നീക്കം തടയണമെന്നുമാണു കുടുംബത്തിന്റെ വാദം. ജയില്‍ ഉപദേശക സമിതി ആഭ്യന്തരവകുപ്പിനു നല്‍കുന്ന ശിപാര്‍ശ പ്രകാരമാണു സര്‍ക്കാര്‍ പരോള്‍ അനുവദിക്കുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരാണു പരോളിന് അപേക്ഷ നല്‍കിയത്.

ഇവരുടെ അപേക്ഷ അനുഭാവപൂര്‍വം സര്‍ക്കാര്‍ പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്. അപേക്ഷയില്‍ ജയില്‍ അധികൃതര്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടിയതായാണു വിവരം. വിധി വന്ന് ഒന്നരമാസം തികയും മുമ്പേയാണു പരോള്‍ അനുവദിക്കാന്‍ നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണു കൊച്ചി സി.ബി.ഐ. കോടതി കേസിലെ 14 പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷിച്ച പ്രതികള്‍ക്കു ജീവപര്യന്തം തടവിനുപുറമേ ഇരുവരേയും ഒരുലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. പരോള്‍ അനുവദിക്കുന്നതു സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും തങ്ങള്‍ക്കു ഇക്കാര്യത്തില്‍ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്നുമാണു സി.ബി.ഐയുടെ നിലപാട്.

ഇക്കാര്യത്തില്‍ സര്‍ക്കാരിനു സി.ബി.ഐയോടു അഭിപ്രായം ചോദിക്കേണ്ട കാര്യവുമില്ല. പെരിയകേസില്‍ വിചാരണകോടതി വിധിക്കെതിരേ കുടുംബവും സി.ബി.ഐയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനിരിക്കവേയാണു പ്രതികള്‍ക്കു പരോള്‍ നല്‍കുന്നത്. വിധി പകര്‍പ്പു പുറത്തുവന്നു 90 ദിവസം വരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ഇപ്പോള്‍ ഒരു മാസമേ ആയിട്ടുള്ളൂ. വൈകാതെ തന്നെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ഒഴിവാക്കിയവരേയും ഉള്‍പ്പെടുത്തി ശിക്ഷ നല്‍കണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം.

അതിനിടെ, നേരത്തെ ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു പരോള്‍ ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ പുറത്തു വന്നിരുന്നു. കേസിലെ മൂന്നു പ്രതികള്‍ക്ക് ആയിരം ദിവസത്തില്‍ കൂടുതല്‍ പരോള്‍ ലഭിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതലുള്ള കണക്കാണിത്. കേസിലെ പ്രതികളായ ട്രൗസര്‍ മനോജിനും സജിത്തിനും കെ.സി. രാമചന്ദ്രനുമാണ് ആയിരം ദിവസത്തില്‍ കൂടുതല്‍ പരോള്‍ ലഭിച്ചത്.

കെ.സി. രാമചന്ദ്രന് 1081 ദിവസവും മനോജിന് 1068 ദിവസവും സജിത്തിനു 1078 ദിവസവുമാണു പരോള്‍ ലഭിച്ചത്. മറ്റു പ്രതികളായ ടി.കെ. രജീഷിനു 940 ദിവസവും കിര്‍മാണി മനോജിനു 851 ദിവസവും എം.സി. അനൂപിനു 900 ദിവസവും ഷിനോജിനു 925 ദിവസവും മുഹമ്മദ് ഷാഫിക്കു 656 ദിവസവും റഫീഖിനു 752 ദിവസവുമാണു പരോള്‍ ലഭിച്ചത്.