
മുംബൈ: വസതിയിൽ ഇഡി റെയ്ഡിനിടെ ടെക്‌നോളജി കമ്പനിയായ വക്രംഗീ ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ദിനേശ് നന്ദവാന കുഴഞ്ഞുവീണ് മരിച്ചു. മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം നേരിട്ട ദിനേശ് നന്ദവാനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 62കാരനായ കോടീശ്വരന് ഹൃദയാഘാതം നേരിട്ടതായാണ് പ്രാഥമികമായ വിലയിരുത്തൽ. ജലന്ധറിൽ നിന്നുള്ള ഇഡി സംഘമാണ് ദിനേശ് നന്ദവാനയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അപകട മരണത്തിനുള്ള കേസ് എടുത്തിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട ദിനേശ് നന്ദവാനയെ വൈകാതെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ മരണകാരണം വ്യക്തമാകുമെന്നാണ് എംഐഡിസി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ രവീന്ദ്ര ചവാൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. സംഭവത്തിൽ ദിനേശ് നന്ദവാനയുടെ കുടുംബം ഇതുവരെയും പരാതിപ്പെട്ടിട്ടില്ല. ദിനേശ് നന്ദവാന ചെറുസംരംഭമായാണ് ടെക്‌നോളജി കമ്പനിയായ വക്രംഗീ ആരംഭിച്ചത്.
ഇന്ത്യയിലെ ധനികന്മാരുടെ ഫോർബ്സ് പട്ടികയിൽ 2017 ദിനേശ് നന്ദവാന ഇടംപിടിച്ചിരുന്നു. 1990ലാണ് ചാർട്ടേഡ് അക്കൌണ്ടന്റായിരുന്ന ദിനേശ് നന്ദവാന വക്രംഗീ ആരംഭിച്ചത്. 1993ൽ തിരിച്ചറിയൽ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ നിർമ്മിച്ചതോടെയാണ് വക്രംഗീ മുൻ നിരയിലേക്ക് എത്തിയത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 38000 ഔട്ട്ലെറ്റുകളാണ് വക്രംഗിക്കുള്ളത്.