
ഇരിട്ടി : ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച സർവകക്ഷിയോഗം സമാപിച്ചു. പുനരധിവാസ മേഖലയിലുള്ള ആനകളെ ഇന്ന് രാത്രി കൊണ്ട് തന്നെ കാട്ടിലേക്ക് തുരുത്തി ഓടിക്കാൻ യോഗത്തിൽ തീരുമാനമായി. ആർആർ ടിയുടെ എണ്ണം വർദ്ധിപ്പിക്കും. സമീപപ്രദേശങ്ങളിൽ ആർആർടി സഹായം തേടും.
ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം അനുവദിച്ച് ചില പ്രദേശങ്ങളിൽ താൽക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കാനും തീരുമാനമായി. സിസിഎഫ് നേരിട്ട് വനമേഖലയിൽ ചെന്ന് വേണ്ട നടപടികൾ സ്വീകരിക്കും. കൂടാതെ മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകാനും തീരുമാനമായി.
ആനമതിൽ നിർമാണം ആറു മാസം കൊണ്ട് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അടുത്ത മാസം മുതൽ അതിന്റെ പണികൾ ആരംഭിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
മരിച്ച ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായിരുന്നു. ആദ്യഗഡുവായ 10 ലക്ഷം രൂപ ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ആദിവാസികളായ ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് മരിച്ചത്.