പുൽപ്പള്ളിയിൽ കാട്ടാന പരിക്കേറ്റ നിലയിൽ, മുൻകാലിന് ഗുരുതര പരിക്ക്; നിരീക്ഷിച്ച് വനംവകുപ്പ്

സുൽത്താൻ ബത്തേരി:വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളി കൊളറാട്ട്കുന്നിൽ കാട്ടാന പരിക്കേറ്റ നിലയിൽ കണ്ടെത്തി. വനമേഖലയിലാണ് മുൻ കാലിന് പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടത്. കാലിൽ പരിക്കേറ്റതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചതുപ്പ് നിറഞ്ഞ സ്ഥലങ്ങളിലും ജലാശയത്തിലും നിലയുറപ്പിച്ച ആനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
വെറ്ററിനറി ഫോറസ്റ്റ് ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചു. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരിക്കേറ്റതാണെന്നാണ് നിഗമനം. കാട്ടാനയുടെ സഞ്ചാരം വനത്തിനുള്ളിൽ നിരീക്ഷിക്കുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. മുൻകാലിൽ മുറിവ് ആഴത്തിലുള്ളതാണെന്നാണ് സൂചന.