മലപ്പുറം എളങ്കൂറിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പ്രഭിനെ കോടതി റിമാൻഡ് ചെയ്തു.

'ഫോൺ ഉൾപ്പെടെ വിലക്കി, സങ്കടം പലപ്പോഴായി വിഷ്ണുജ പങ്കുവച്ചു' വെളിപ്പെടുത്തലുമായി സുഹൃത്ത്


മലപ്പുറം: എളങ്കൂറിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പ്രഭിനെ കോടതി റിമാൻഡ് ചെയ്തു.മഞ്ചേരി ജില്ലാ കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വിഷ്ണുജയുടെ കുടുംബത്തിന് പിന്നാലെ പ്രഭിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തും രംഗത്തെത്തി. 

ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രഭിനെ ഉച്ചക്ക് ശേഷമാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. രാവിലെ മലപ്പുറം ഡിവൈഎസ്പി ഓഫീസിലെത്തിച്ച പ്രഭിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും പ്രഭിന്‍റെ വീട്ടുകാര്‍ ഇതിന് കൂട്ടു നിന്നിരുന്നെന്നും വിഷ്ണണുജയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി നിഷേധിച്ചെങ്കിലും മലപ്പുറം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അത് മുഖവിലക്കെടുത്തിട്ടില്ല.പ്രഭിന്‍റെ വീട്ടിലെത്തി പൊലീസ് വിശദമായ പരിശോധന നടത്തി. ഭര്‍ത്താവ് പ്രഭിൻ വിഷ്ണുജയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഫോൺ ഉൾപ്പെടെ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നുവെന്നുമെന്നും ഉറ്റ സുഹൃത്തും പറഞ്ഞു. പരാതിയില്‍ പ്രഭിന്റെ അമ്മ,സഹോദരി എന്നിവര്‍ക്കെതിരേയും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.തെളിവുകൾ ലഭിച്ചാൽ ഇവര്‍ക്കെതിരേയും കേസെടുക്കും