മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ഈ മാസം ; മാര്‍ച്ച് 27 ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് റവന്യൂമന്ത്രി

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ഈ മാസം ; മാര്‍ച്ച് 27 ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് റവന്യൂമന്ത്രി


തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ നിര്‍മ്മണത്തിന് ഈ മാസം തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയെ അറിയിച്ചത്. മാര്‍ച്ച് 27 ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്നും ഈ മാസം തന്നെ പണികള്‍ ആരംഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനു മറുപടി നല്‍കി.

അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സര്‍ക്കാര്‍. കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. പരാതികളെല്ലാം തീര്‍ക്കും, പുനരധിവാസത്തിന് സാധ്യമായ എല്ലാം ചെയ്യും. വയനാട്ടില്‍ കേരള മോഡല്‍ ഉണ്ടാക്കും. രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും മികച്ച രക്ഷാ പ്രവര്‍ത്തനമാണ് നടന്നത്.

കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളി. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയില്‍ കോടതി ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ എത്തുമായിരുന്നു. ഭൂമിയില്‍ കയറരുത് എന്നാണ് കോടതി നിര്‍ദേശിച്ചത്. നിയമപ്രകാരം പ്രതിദിന അലവന്‍സിന്റെ കലാവധി മൂന്ന് മാസമാണ്. അതുകൊണ്ടാണ് അത് നിര്‍ത്തിയതെന്നും ഇതെല്ലാം കേരളം എന്തു ചെയ്തു എന്നതിന്റെ മറുപടിയാണെന്നും പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനത്തിനിടെ കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും മന്ത്രി വിമര്‍ശിച്ചു.

ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് നേരത്തേ പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. സംസ്ഥാന സര്‍ക്കാരിനെതിരെ ടി സിദ്ധിഖ് എംഎല്‍എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ അംഗങ്ങള്‍ ചൂടുപിടിച്ച വാഗ്വാദങ്ങള്‍ നടത്തിയ ശേഷം പ്രതിഷേധിച്ച് സഭ വിട്ടു.

വയനാട് വിഷയത്തില്‍ കേന്ദ്രത്തിന്റെ സമീപനത്തിനെതിരേ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാര്‍ വിമര്‍ശിച്ചു സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെകുത്താനായിട്ടാണ് അവതരിച്ചതെന്ന് മന്ത്രി വിമര്‍ശിച്ചു.ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണെന്നും കേന്ദ്ര സര്‍ക്കാരിന് എതിരെ പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നതെന്നും മന്ത്രി ചോദിച്ചു. കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെന്നും പറഞ്ഞു.

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് നമ്മള്‍ ഇന്ത്യക്ക് അകത്ത് ഉള്ളവരല്ലെന്ന എന്ന തരത്തിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡ് മാത്രം ഉള്‍പ്പെട്ടിട്ട് ഇതുവരെ പട്ടിക തയ്യാറാക്കിയില്ലെന്നും പിന്നെങ്ങനെ പറയാതിരിക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ബില്‍ ഇപ്പോഴും ദുരിത ബാധിതര്‍ക്ക് വരുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു