ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ന്യൂസിലന്‍ഡ് കരകയറുന്നു, 4 വിക്കറ്റ് നഷ്ടം

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ന്യൂസിലന്‍ഡ് കരകയറുന്നു, 4 വിക്കറ്റ് നഷ്ടം


ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് വെടിക്കെട്ട് തുടക്കത്തിന് ശേഷം ബാറ്റിംഗ് തകര്‍ച്ച. ഓപ്പണിംഗ് വിക്കറ്റില്‍ എട്ടോവറില്‍ 57 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ട ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ ഡാരില്‍ മിച്ചലും 17 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍.

വില്‍ യങ്, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസൺ, ടോം ലാഥം എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരു വിക്കറ്റും നേടി. ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസ് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മൂന്നോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ന്യൂസിലന്‍ഡ് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിലാണ് കെട്ട് പൊട്ടിച്ചത്. ഹാര്‍ദ്ദിക്കിന്‍റെ ഓവറില് സിക്സും രണ്ട് ഫോറും അടക്കം 16 റണ്‍സടിച്ച കിവീസ് കുതിപ്പ് തുടങ്ങി. മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ 11 റണ്‍സടിച്ച ന്യൂസിലന്‍ഡ് വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ആറാം ഓവറില്‍ 9 റണ്‍സടിച്ചു.

ഏഴാം ഓവറില്‍ രച്ചിന്‍ രവീന്ദ്ര നല്‍കിയ റിട്ടേണ്‍ ക്യാച്ച് മുഹമ്മദ് ഷമി കൈവിട്ടു. പിന്നാലെ ന്യൂസിലന്‍‍ഡ‍് 50 കടന്നു. എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ രച്ചിന്‍ രവീന്ദ്രയെ രാഹുല്‍ ക്യാച്ചെടുക്കുകയും അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തെങ്കിലും റിവ്യു എടുത്ത രവീന്ദ്ര രക്ഷപ്പെട്ടു. തൊട്ടടുത്ത പന്തില്‍ വരുണിനെ സിക്സിന് പറത്താനുള്ള ശ്രമം ബൗണ്ടറിയില്‍ ഓടിപ്പിടിക്കാന്‍ നോക്കിയ ശ്രേസ് അയ്യരുടെ കൈകളിലൂടെ പന്ത് ചോര്‍ന്നു. എന്നാല്‍ അഞ്ചാം പന്തില്‍ വില്‍ യങ്ങിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ(37) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവ് ഇന്ത്യക്ക് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. തന്‍റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ കുല്‍ദീപ് കിവീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

പിടിച്ചു നിന്ന ലാഥമും മിച്ചലും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ 20-ാം ഓവറില്‍ 100 കടത്തി. സ്പിന്നര്‍മാരെ ഇരുവരും കരുതലോടെ നേരിട്ടതോടെ കിവീസ് റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. പ്രതീക്ഷ നല്‍കിയ ലാഥം-മിച്ചല്‍ കൂട്ടുകെട്ട് പൊളിച്ചത് രവീന്ദ്ര ജഡേജയാണ്. ലാഥമിനെ(14) വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജഡേജ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മ കൈവിടുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് ആണ് നഷ്ടമായത്. ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ ഇന്ത്യമാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. മാന്‍റെ ഹെന്‍റിക്ക് പകരം നഥാന്‍ സ്മിത്ത് കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.