ഫൈസൽ വിളക്കോടിനു മുന്നില്‍ പത്തിതാഴ്ത്തിയത് 80 രാജവെമ്പാലകള്‍ ; മൂന്നുവര്‍ഷത്തിനിടെ പിടികൂടിയത് രണ്ടായിരത്തിലധികം പാമ്പുകളെ


ഫൈസൽ വിളക്കോടിനു മുന്നില്‍ പത്തിതാഴ്ത്തിയത് 80 രാജവെമ്പാലകള്‍ ; മൂന്നുവര്‍ഷത്തിനിടെ പിടികൂടിയത് രണ്ടായിരത്തിലധികം പാമ്പുകളെ


പേരാവൂര്‍ : വേനല്‍ കടുത്തപ്പോള്‍ പാമ്പുകള്‍ ഈര്‍പ്പംതേടി ഇറങ്ങിയതോടെ ഫൈസല്‍ തിരക്കിലാണ്. മൂന്നു ദിവസത്തിനുള്ളില്‍ നാലു രാജവെമ്പാലകളെയാണ് അദ്ദേഹം മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിടികൂടിയത്. കഴിഞ്ഞദിവസം അടയക്കാത്തോട് കോച്ചിക്കുളത്തുനിന്നു പിടികൂടിയ രണ്ടു രാജവെമ്പാലകള്‍ 12 അടി നീളമുള്ളതാണ്. ചൂട് വര്‍ധിക്കുന്നതോടെ ഫൈസലിന്റെ ഫോണിനും വിശ്രമമുണ്ടാകില്ല. തന്നെ സമീപിക്കുന്നവരുടെ പരിഭ്രാന്തി അകറ്റാന്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം റെഡിയാണ്.

മൂന്നുവര്‍ഷത്തിനകം രണ്ടായിരത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട് ഫൈസല്‍ വിളക്കോട്. കണ്ണൂര്‍ മാര്‍ക്ക് സംഘടനയുടെ പ്രവര്‍ത്തകനായ ഫൈസല്‍ വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറായി ജോലി ചെയ്യുകയാണ്. രാജവെമ്പാലകള്‍ ഇണചേരുന്ന സമയമായതിനാലാണ് മാര്‍ച്ച് മാസത്തില്‍ രാജവെമ്പാലകളെ കൂടുതലായി കാണുന്നത്. ഈ സമയത്ത് മലയോരത്തെ നിരവധി ഇടങ്ങളില്‍നിന്ന് രാജവെമ്പാലകളെ പിടികൂടാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനകംതന്നെ 80 രാജവെമ്പാലകളെ പിടികൂടി വനത്തില്‍ വിട്ടു.

കാടിറങ്ങുന്ന വന്യമൃഗങ്ങളാല്‍ പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകള്‍ കൂടി എത്തിത്തുടങ്ങിയത് അവരുടെ ഉറക്കം കെടുത്തുകയാണ്. ജീവന്‍ പണയംവച്ചും പാമ്പിനെ പിടിക്കാനിറങ്ങുന്നത് അവയോടുള്ള ഇഷ്ടം കൊണ്ടാണെന്നു ഫൈസല്‍ പറഞ്ഞു.

നാട്ടിന്‍പുറങ്ങളിലെ പാമ്പാട്ടികളും മകുടിയുടെ താളത്തിനൊപ്പം ഫണം വിരിച്ചാടുന്ന പാമ്പുകളും ചെറുപ്രായത്തില്‍ ഫൈസലിനു കൗതുകമായിരുന്നു. പിന്നീട് വീടിനടുത്തുള്ള ചെറുപാമ്പുകളെ പിടിച്ചുതുടങ്ങി. രാജവെമ്പാലകളെ പിടിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. ഫൈസലിനു പിന്തുണയായി ഭാര്യ ശബാനയും മക്കളായ മുഹമ്മദ് ഷാസിലും ആയിഷ ഐമിനും കൂടെയുണ്ട്.