കള്ളപ്പണക്കേസ് ; എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ കസ്റ്റഡിലെടുത്ത് ഇഡി


കള്ളപ്പണക്കേസ് ; എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ കസ്റ്റഡിലെടുത്ത് ഇഡി


ബംഗളൂരു: എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ കസ്റ്റഡിലെടുത്ത് ഇഡി. പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ കസ്റ്റഡിയിലായ ഫൈസിയെ ദില്ലിയിലേക്ക് എത്തിച്ചു. ഇന്നലെ രാത്രി എം കെ ഫൈസിയെ ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. പുലർച്ചെയോടെ ഫൈസിയെ ദില്ലിക്ക് എത്തിച്ചു. നിലവിൽ ഇഡി ഉദ്യോഗസ്ഥർ ദില്ലി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. 

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ ഫൈസിക്ക് പങ്കുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. നേരത്തെ സമാനക്കേസിൽ പിഎഫ്ഐ നേതാക്കളെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ശേഷം 56.56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. വിവിധ പിഎഫ്‌ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് പിഎഫ്ഐ നേതൃത്വം നൽകിയെന്ന് കാട്ടിയാണ് കേന്ദ്രം സംഘടനയെ നിരോധിച്ചത്.