ആറളം ഫാമിൽ ആദ്രദീപം പദ്ധതി ഉദ്‌ഘാടനം ചെയ്തു
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ വയോജനങ്ങൾക്ക് മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി തലശ്ശേരി മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും, ആറളം ഫാമിന്റെയും നേതൃത്വത്തിൽ "ആർദ്രദീപം" പദ്ധതി ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് കലക്ടറും ആറളം ഫാം മാനേജിംഗ് ഡയറക്ടറുമായ കാർത്തിക് പാണിഗ്രഹി ഐഎസിന്റെ നിർദ്ദേശപ്രകാരം പുനരധിവാസ മേഖലയിൽ നിന്നുള്ള 40 പൗരന്മാരെയും, കണ്ണൂർ ജില്ലാ വൃദ്ധസദനത്തിൽ നിന്നുള്ള 35 വയോധികരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ബോധവൽക്കരണ ക്ലാസ്സ് നടപ്പിലാക്കിയത്. കണ്ണൂർ ജില്ലാ വൃദ്ധസദന സൂപ്രണ്ട് രാധിക, കൗൺസിലർ ഓഫീസർമാരായ അഡ്വ: റോമിള ദേവദാസ്, എ. വിജയൻ, പി.നാരായണൻ, ആറളം ഫാം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ വിനയ രാജ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാർ, അക്കൗണ്ട് ഓഫീസർ ടി.പി. പ്രേമരാജൻ, മാർക്കറ്റിംഗ് ഓഫീസർ ആശാ പ്രഭാകരൻ, ടി ആർ ഡി എം സൈറ്റ് മാനേജർ സി. ഷൈജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആറളം ഫാം പുനരധിവാസ മേഖലയിലെ വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികളും മറ്റു പ്രയാസങ്ങളും ലഘൂകരിക്കുക, വയോജനങ്ങൾക്കിടയിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് 'ഊരിൽ ഒരാഴ്ച' പദ്ധതിയുമായി ബന്ധപ്പെട്ട ആർദ്ര ദീപം പദ്ധതി പുനരധിവാസ മേഖലയിലെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആറളം ഫാമിൽ വെച്ച് നടപ്പിലാക്കിയത്. ജില്ലാ വയോജന മന്ദിരത്തിലെ മികച്ച കർഷകനായ ശശിയെ വേദിയിൽ വെച്ച് ആദരിച്ചു. തുടർന്ന് ആറളം ഫാമിലെ കാർഷിക വിളകൾ, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ കാണാൻ വയോജനങ്ങൾക്ക് അവസരം ഒരുക്കി