ചാമ്പ്യൻസ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ആദ്യം, അപൂർവ റെക്കോര്‍ഡ് സ്വന്തമാക്കി കിവീസ് പേസര്‍


ചാമ്പ്യൻസ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ആദ്യം, അപൂർവ റെക്കോര്‍ഡ് സ്വന്തമാക്കി കിവീസ് പേസര്‍


ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്‍റിക്ക് റെക്കോര്‍ഡ്. ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെ പുറത്താക്കിയാണ് ഹെന്‍റി ഇന്ത്യയ്ക്കെതിരെ അ‌ഞ്ച് വിക്കറ്റ് നേട്ടം തികച്ചത്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡാണ് ഇതോടെ മാറ്റ് ഹെന്‍റി സ്വന്തമാക്കിയത്.

പാക് പേസര്‍മാരായ നവീദ് ഉൾ ഹഖ്, ഷൊയ്ബ് അക്തര്‍, സിംബാബ്‌വെയുടെ ഡഗ്ലസ് ഹോണ്ടോ എന്നിവര്‍ മുമ്പ് നാലു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ മികച്ച ബൗളിംഗ് പ്രകടനം.  2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍റെ മുഹമ്മദ് ആമിര്‍ ഇന്ത്യക്കെതിരെ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു.


ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം കിവീസ് ബൗളറുമാണ് മാറ്റ് ഹെന്‍റി. 2004ല്‍ അമേരിക്കക്കെതിരെ ജേക്കബ് ഓറം, 2000ൽ പാകിസ്ഥാനെതിരെ ഷെയ്ന്‍ ഒക്കോണര്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ഹെന്‍റിയുടെ മുന്‍ഗാമികള്‍. ഇത്തവണ ചാമ്പ്യൻസ് ട്രോഫിയില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് ഹെന്‍റി.


ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മുഹമ്മദ് ഷമിയും ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍റെ അസ്മത്തുള്ള ഒമര്‍ സായിയും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഹെന്‍റി ഇന്ന് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ വിരാട് കോലിയെ ഹെന്‍റിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് പോയന്‍റില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. തന്‍റെ രണ്ടാം വരവില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച രവീന്ദ്ര ജഡേജയെ പുറത്താക്കി തുടങ്ങിയ ഹെന്‍റി പിന്നീട് തകര്‍ത്തടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയെയും അവസാന പന്തില്‍ മുഹമ്മദ് ഷമിയെയും പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.