കാട്ടാന ഭീതി ഒഴിയാതെ ആറളം പുനരധിവാസ മേഖല ; രണ്ട് വീടുകളുടെ ഷെഡുകൾ തകർത്തു.
@noorul ameen
ഇരിട്ടി: കാട്ടാനഭീതി ഒഴിയാതെ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല. കിടന്നുറങ്ങാൻ പോലും കഴിയാതെ വീടുകളിൽ കയറി കാട്ടാനകൾ അക്രമം നടത്തുന്നത് നിത്യസംഭവമായി മാറി. പുനരധിവാസ മേഖലയിൽ നിന്നും കാട്ടാനകളെ തുരത്തലും വനാതിർത്തിയിൽ വേലി നിർമ്മാണവുമൊക്കെ തകൃതിയായി നടക്കുന്നുണ്ടെങ്കിലും മേഖലയിലുള്ള ആദിവാസി കുടുംബങ്ങൾ ഏറെ ഭീതിയോടെയാണ് ഓരോ രാത്രിയും തള്ളി നീക്കുന്നത്. നിരന്തരം വീടുകൾക്ക് നേരെ അക്രമം നടക്കുന്ന ഏഴാം ബ്ലോക്കിലെ രണ്ട് വീടുകളോട് ചേർന്ന ഷെഡുകളാണ് കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടാനകൾ ഭാഗികമായി തകർത്തത്. ഏഴാം ബ്ലോക്കിലെ ജിത്തു - ശോഭ ദമ്പതികൾ താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡും, കരുണാകരൻ- ജാനകി ദമ്പതികളുടെ വീട്ടിനോട് ചേർന്നുള്ള ഷെഡുമാണ് തകർത്തത്. കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ആന മുറ്റത്തുകൂടി നടക്കുന്ന ശബ്ദം കേട്ട് ഉറങ്ങാതിരിക്കുന്ന കുടുംബങ്ങളും മേഖലയിൽ ഏറെയാണ് .
വീടിനോട് ചേർന്ന് വിറകും മറ്റും സൂക്ഷിക്കുന്നതിനായി പോളിത്തീൻ ഷീറ്റുകളും മറ്റും മറച്ചുക്കെട്ടി ഉണ്ടാക്കുന്ന ഷെഡുകളാണ് തകർത്തത്. വീട്ട് മുറ്റത്തോട് ചേർന്നുള്ള വാഴയും തെങ്ങും നശിപ്പിച്ചതിന് ശേഷമാണ് ഷെഡുകൾക്ക് നേരെയും അക്രമം ഉണ്ടായിരിക്കുന്നത്. പോളിത്തീൻ ഷീറ്റ് വലിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ശബ്ദം ഉണ്ടാക്കുമ്പോഴാണ് പലപ്പോഴും ആന വഴിമാറി പോകുന്നത്. രണ്ട് മാസത്തിനിടയിൽ മേഖലയിൽ ആറോളം ഷെഡുകളും രണ്ട് വീടുകളുടെ വാതിലും ആന തകർത്തിട്ടുണ്ട്. വീടുകൾക്ക് നേരെയും ഷെഡുകൾക്ക് നേരെയും അക്രമണം കൂടി വരുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്. മേഖലയിൽ 200-ൽ അധികം കുടുംബങ്ങൾ ഷെഡുകളിലാണ് കഴിയുന്നത്. ഒരുറപ്പും ഇല്ലാതെ നിർമ്മിച്ച ഷെഡ്ഡുകൾ തുമ്പിക്കൈകൊണ്ട് മെല്ലെ വലിച്ചാൽ പോലും തകർന്നു വീഴും. ഇത്തരം ഷെഡ്ഡുകളിൽ കുട്ടികളുമായി കഴിയുന്ന കുടുംബങ്ങളും ഉറക്കമൊഴിച്ചാണ് ജീവിതം തള്ളി നീക്കുന്നത്.