
മക്ക: ഉംറ തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. മക്കയിലെ ഗ്രാൻഡ് മോസ്കിനും പരിസരത്തുമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ചതാണ് പുതിയ മാർഗനിർദേശങ്ങൾ. തീർത്ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കണക്കിലെടുത്തും അവർക്ക് തടസ്സമില്ലാത്ത പ്രാർഥന ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഗ്രാൻഡ് മോസ്കിന് ഉള്ളിലും പരിസര പ്രദേശങ്ങളിലും മൂർച്ചയേറിയ ഉപകരണങ്ങളോ ആയുധങ്ങളോ കൊണ്ടുവരാൻ പാടുള്ളതല്ല. കൂടാതെ ഈ പ്രദേശങ്ങളിൽ ഒരു വിധത്തിലുമുള്ള പണപ്പിരിവുകളും അനുവദിക്കുന്നതല്ല. പള്ളിയുടെ മുറ്റത്തേക്കോ ഹറം ഏരിയയിലേക്കുള്ള റോഡുകളിലോ മോട്ടോർ സൈക്കിളുകൾക്കും ബൈസൈക്കിളുകൾക്കും പ്രവേശനമുണ്ടായിരിക്കില്ലെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നുണ്ട്. ഭിക്ഷാടനം, പുകവലി, സാധനങ്ങളുടെ വിൽപ്പന എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളിക്ക് അകത്തും പുറത്തുമായി ലഗേജുകൾ, ബാഗുകൾ എന്നിവ കൊണ്ടുവരുന്നതും ജനലുകളിലും മറ്റുമായി അവ തൂക്കിയിടുന്നതും തുടങ്ങി പ്രാർത്ഥനക്കെത്തുന്ന വിശ്വാസികളുടെയും തീർത്ഥാടകരുടെ സമാധനാന്തരീക്ഷം തകർക്കുന്ന എല്ലാ പ്രവൃത്തികളും വിലക്കിയിട്ടുണ്ട്.
ഗ്രാൻഡ് മോസ്കിൽ എത്തിച്ചേരുന്നതിനായുള്ള ബസുകൾ, ഹറമൈൻ ഹൈ-സ്പീഡ് ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ഷട്ടിൽ ബസുകൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മക്കയ്ക്കകത്തും പുറത്തുമുള്ള പാർക്കിംഗ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാർഗ നിർദേശങ്ങളിലുണ്ട്