സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ പച്ചക്കൊടി; വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി

തിരുവനന്തപുരം: വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് അനുമതി. ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി മേഖലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് സംസ്ഥാന പാരിസ്ഥിതിക ആഘാതസമിതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. 25 കര്‍ശന വ്യവസ്ഥയോടെ വേണം നിര്‍മ്മാണം നടത്താനെന്നാണ് ആവശ്യം. അനുമതി ലഭിച്ചതോടെ പദ്ധതിയുമായി സര്‍ക്കാരിന് മുമ്പോട്ട് പോകാനാകും.
രേഖാമൂലമുള്ള അനുമതി കിട്ടുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയിടത്താണ് അനുമതി. വന്യജീവികളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുളള പ്രദേശങ്ങളില്‍ അതീവശ്രദ്ധയോടെയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ വേണം നിര്‍മ്മാണം നടത്തേണ്ടത്. പരിസ്ഥിതി നാശം ഒഴിവാക്കി വേണം പാറ തുരക്കാനെന്നും അതിന് ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പല തവണ വിശദീകരണം കേട്ടശേഷമാണ് അനുമതി നല്‍കിയത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂഷ്മസ്‌കെയില്‍ മാപ്പിങ് തുടര്‍ച്ചയായി നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണല്‍ റോഡിന്റെ ഇരു ഭാഗത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ഭൂമിയുടെ ഘടന അനുസരിച്ച് ടണലിങ് രീതികള്‍ തെരഞ്ഞെടുക്കുക, വിദഗ്ദ്ധസമിതി രൂപീകരിക്കുക തുടങ്ങിയ നിബന്ധനകളുമുണ്ട്. തുരങ്ക പാതയ്ക്ക് അന്തിമ അനുമതി നല്‍കാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിക്ക് നേരത്തേ വിദഗ്ദ സമിതി ശുപാര്‍ശ നല്‍കിയിരുന്നു.
അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, വംശനാശ ഭീഷണി നേരിടുന്ന 'ബാണാസുര ചിലപ്പന്‍' പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളായിരുന്നു വിദഗ്ദ്ധസമിതിയും മുമ്പോട്ട് വെച്ചിരുന്ന നിര്‍ദേശം.