ഓടിക്കൊണ്ടിക്കെ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; ട്രാക്കിലേക്ക് വീഴാനൊരുങ്ങിയ യുവതിയെ രക്ഷിച്ച് പൊലീസുകാരൻ

ഓടിക്കൊണ്ടിക്കെ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; ട്രാക്കിലേക്ക് വീഴാനൊരുങ്ങിയ യുവതിയെ രക്ഷിച്ച് പൊലീസുകാരൻ


മുംബൈ: നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കവെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലെ ബോറിവലി സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. റെയിൽവെ മന്ത്രാലയം തന്നെയാണ് ഞായറാഴ്ച ഈ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തത്.

ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ യുവതി ഇറങ്ങാൻ ശ്രമിക്കുകയും തുടർന്ന് ബാലൻസ് തെറ്റി നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ വിടവിലേക്കാണ് ഇവർ വീണത്. ജോലിയുടെ ഭാഗമായി പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന റെയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ യുവതി വീഴുന്നത് കണ്ട് ഓടിയെത്തി. തുടർന്ന് ട്രാക്കിനും ട്രെയിനിനും ഇടയിലെ വിടവിൽ നിന്ന് ഇവരെ വലിച്ച് മാറ്റി.

റെയിൽവെ പൊലീസ് ഉദ്യോഗസ്ഥന്റെ അതിവേഗത്തിലുള്ള ഇടപെടലിൽ യുവതി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് റെയിൽവെ  മന്ത്രാലയം  ഈ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തത്. അതേസമയം പൊലീസുകാരന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.