കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി ; ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുപറഞ്ഞ് ശേഷം ഭര്‍ത്താവും മരിച്ചു


കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി ; ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുപറഞ്ഞ് ശേഷം ഭര്‍ത്താവും മരിച്ചു


വടക്കഞ്ചേരി (പാലക്കാട്): ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് വെടിവച്ച് മരിച്ചു. വണ്ടാഴി കല്ലംകുളമ്പ് ഏറാട്ടുകുളമ്പ് കൃഷ്ണകുമാറാ(52)ണ് കോയമ്പത്തൂരില്‍ താമസിക്കുന്ന ഭാര്യ സംഗീത(47)യെ കൊന്നശേഷം ഇന്നലെ രാവിലെ ഒമ്പതോടെ വണ്ടാഴിയിലെ വീട്ടിലെത്തി ജീവനൊടുക്കിയത്.

കുടുംബവഴക്കാണെന്നു സൂചന. വണ്ടാഴിയിലെ വീട്ടില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ നാലിനാണ് കൃഷ്ണകുമാര്‍ കോയമ്പത്തൂരിലേക്കു പോയത്. രാവിലെ ആറരയോടെ കോയമ്പത്തൂര്‍, പുതൂരിലെത്തിയ ഇയാള്‍ പ്ലസ്‌വണിനും ഒമ്പതിലും പഠിക്കുന്ന മക്കള്‍ സ്‌കൂളില്‍ പോയശേഷമാണു ഭാര്യയെ നാടന്‍തോക്കുപയോഗിച്ച് നെഞ്ചില്‍ വെടിവച്ച് കൊലപ്പെടുത്തിയത്.

ശേഷം കാറില്‍ മടങ്ങിയെത്തിയ കൃഷ്ണകുമാര്‍ വീടിന്റെ ഗേറ്റിനു സമീപംവച്ച് നെഞ്ചില്‍ സ്വയം വെടിവച്ചു. അതിനു മുമ്പ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണ്‍ ചെയ്ത് കൊലപാതകവിവരം അറിയിച്ചു. താന്‍ മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. സംഭവസമയത്ത് കൃഷ്ണകുമാറിന്റെ അച്ഛന്‍ സുന്ദരനും അമ്മ സരോജിനിയും വീട്ടിലുണ്ടായിരുന്നു.

ഇവര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണു കൃഷ്ണകുമാറിനെ വെടിയേറ്റ് വീണനിലയില്‍ കണ്ടത്. ഉടന്‍ മംഗലംഡാം പോലീസില്‍ വിവരമറിയിച്ചു. വീടിന്റെ ഗേറ്റിനു മുന്നില്‍, റോഡില്‍നിന്ന് ലൈസന്‍സില്ലാത്ത തോക്ക് തകര്‍ന്ന നിലയില്‍ പോലീസ് കണ്ടെടുത്തു. തോക്കില്‍ ഒരു തിര ശേഷിച്ചിരുന്നു. കാറിനുള്ളില്‍ മൂന്ന് തിരകളുണ്ടായിരുന്നു.

മലേഷ്യയിലായിരുന്ന കൃഷ്ണകുമാര്‍ കോവിഡ് കാലത്ത് നാട്ടിലെത്തി കൃഷി തുടങ്ങി. തിരുപ്പതി സ്വദേശിയായ സംഗീത കോയമ്പത്തൂര്‍ കോവില്‍പാളയം ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. 10 വര്‍ഷത്തോളമായി കോയമ്പത്തൂരില്‍ വീടുവച്ച് താമസിക്കുന്നു.

കൃഷ്ണകുമാര്‍ വെള്ളിയാഴ്ച തോറും കോയമ്പത്തൂരിലെത്തി തിങ്കളാഴ്ച രാവിലെ മടങ്ങുകയായിരുന്നു പതിവ്. മക്കള്‍: അമീഷ, അക്ഷര. സംഗീതയുടെ അച്ഛന്‍: പരേതനായ ഹരിദാസ്. അമ്മ: ജയ. കൃഷ്ണകുമാറിന്റെ സംസ്‌കാരം നടത്തി.