തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനയ്ക്ക് മറയാക്കിയ അച്ഛനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു
പത്തനംതിട്ട: തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനയ്ക്ക് അയച്ച അച്ഛനെതിരെ മറ്റൊരു കേസ് കൂടി. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലനീതി നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. എംഡിഎംഎ ചെറുകവറുകളിലാക്കി പത്തു വയസുകാരനായ മകന്‍റെ ദേഹത്ത് സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചായിരുന്നു ഇയാൾ വിൽപ്പന നടത്തിയത്. ബൈക്കിലും കാറിലും മകനുമൊത്ത് സഞ്ചരിച്ചാണ് ഇയാള്‍ വിദ്യാര്‍ഥികളടക്കം ലഹരി വിറ്റിരുന്നത്.
മയക്കുമരുന്ന് കച്ചവടത്തിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഏജന്റുമാരായും ഇയാൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. 3.5 ഗ്രാമിൽ അധികം എംഡിഎംഎയും പ്രതിയിൽനിന്ന് പിടിച്ചെടുത്തു.
കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതി എംഡിഎംഎ കൂടുതലായി മറ്റെവിടെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട് .