ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം ഇന്ന് ; സെലിബ്രിട്ടികളുടെ പിന്തുണയും ; വീണാജോര്‍ജ്ജിന് വിമര്‍ശനം

ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം ഇന്ന് ; സെലിബ്രിട്ടികളുടെ പിന്തുണയും ; വീണാജോര്‍ജ്ജിന് വിമര്‍ശനം


തിരുവനന്തപുരം : സമരം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടന്നിരിക്കേ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമവുമായി സമരക്കാര്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് വനിതാദിനത്തില്‍ അനേകം സ്ത്രീകളെ എത്തിക്കാനാണ് നീക്കം. അനേകം സ്ത്രീകള്‍ എത്തുന്നതിനൊപ്പം വിവിധ വനിതാ സംഘടനകളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഇന്ന് സമരവേദിയില്‍ എത്തും.

മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും. അതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഇതുവരെയും അനുനയ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.

അതിനിടയില്‍ കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സമരക്കാരുടെ ആവശ്യങ്ങളില്‍ നേരത്തെ ചര്‍ച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും പ്രതിനിധി സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. പിഎസ്‌സി അംഗങ്ങളുടെ ശമ്പളം പരിഷ്‌കരിക്കുന്നതില്‍ അനാവശ്യ തിടുക്കം ആശാവര്‍ക്കര്‍മാരുടെ സമരത്തിനിടക്ക് എരിതീയില്‍ എണ്ണ പോലെ ആയെന്നും വിമര്‍ശനമുണ്ടായി.