താങ്ങാവുമെന്ന് കരുതിയ കൈകൾ ജീവനെടുത്തു; കുറ്റബോധത്തിന്‍റെ കണിക പോലുമില്ലാതെ നാട്ടുകാരെ നോക്കി ചിരിച്ച് പ്രതി

താങ്ങാവുമെന്ന് കരുതിയ കൈകൾ ജീവനെടുത്തു; കുറ്റബോധത്തിന്‍റെ കണിക പോലുമില്ലാതെ നാട്ടുകാരെ നോക്കി ചിരിച്ച് പ്രതി


കൊല്ലം: മനസാക്ഷി മരവിച്ചുപോയ ഒരു പകലിലേക്കാണ് 2024 ആഗസ്റ്റ് 17ന് കൊല്ലത്തെ പടപ്പക്കര എന്ന ഗ്രാമം ഉണര്‍ന്നത്. മയക്കുമരുന്നിന്‍റെയും പണത്തിന്‍റെയും ലഹരിയില്‍ അഖില്‍ എന്ന യുവാവ് അമ്മയെയും മുത്തച്ഛനെയും കൊല്ലപ്പെടുത്തിയതിന്റെ നടുക്കം ഇന്നും ആ നാടിനെ വിട്ടകന്നിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം പിടിയിലായ പ്രതിയുടെ മുഖത്ത് കുറ്റബോധത്തിന്‍റെ കണിക പോലും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘവും മരവിപ്പോടെ ഓര്‍ക്കുന്നു.

പ്ലസ് ടുവരെ മാത്രം പഠിച്ച ഒരു 25കാരന്‍. അമ്മയും സഹോദരിയും മുത്തച്ഛനും ഉള്‍പ്പടുന്ന ചെറിയ ലോകത്തായിരുന്നു അഖില്‍. സൗഹൃദങ്ങള്‍ ഇല്ലാത്ത, ആരോടും അധികം മിണ്ടാത്ത പ്രകൃതം. എങ്ങനെയാണ് അഖില്‍ മയക്കുമരുന്നിന്‍റെ പിടിയില്‍ അകപ്പെട്ടതെന്ന് ആര്‍ക്കും അറിയില്ല. പതിയെ ലഹരി മാത്രമായി അഖിലിന്‍റെ ലോകം. അതിന് പണം കണ്ടെത്താന്‍ തെരഞ്ഞെടുത്ത വഴിയില്‍ ബന്ധങ്ങളെ മറന്നു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനായിരുന്നു ഇരട്ടക്കൊലപാതകം.

അഖിലിനും സഹോദരിക്കും വേണ്ടിയാണ് അമ്മ പുഷ്പലത ജീവിച്ചത്. മക്കള്‍ക്കായി ചെറിയ ജോലികള്‍ ചെയ്ത് രാപ്പകല്‍ ഇല്ലാതെ അധ്വാനിച്ചു. ലഹരിക്ക് അടിമപ്പെട്ട മകനെ തിരികെ കൊണ്ടുവരാന്‍ ഡീ അഡിക്ഷന്‍ സെന്‍ററുകള്‍ തോറും ഓടി. പക്ഷേ പ്രതീക്ഷിച്ചതല്ല നടന്നത്. തുണയാകുമെന്ന് കരുതിയ കൈകള്‍ തന്നെ പുഷ്പലതയുടെ ജീവനെടുത്തു.

പതിനേഴാം തീയതി രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധുവീട്ടിലേക്ക് എത്തിയപ്പോള്‍ മാത്രമാണ് തലേ ദിവസം നടന്ന കൊലപാതകം പുറംലോകം അറിഞ്ഞത്. ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു പുഷ്പലതുടെ മൃതദേഹം. ഗുരുതരമായി പരിക്കേറ്റ ആന്‍റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി രക്ഷപ്പെട്ട അഖിലിന്‍റെ യാത്ര അവസാനിച്ചത് ജമ്മു കാശ്മീരില്‍ ആയിരുന്നു. നാല് മാസം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ശ്രീനഗറില്‍ എത്തിയാണ് കുണ്ടറ പൊലീസ് പിടികൂടിയത്.

തെളിവെടുപ്പിനായി വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ചുറ്റും കൂടിയ നാട്ടുകാരുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ടാണ് അഖില്‍ നടന്നു നീങ്ങിയത്. വിചിത്രമായി പെരുമാറുന്ന പ്രതി ജയിലിലും പ്രത്യേക നിരീക്ഷണത്തിലാണ്. അഖിലിനെ കുറിച്ച് പൊലീസ് ആവര്‍ത്തിച്ച് പറയുന്ന ഒന്നുണ്ട്. പ്രതിക്ക് ഇന്നലെയും നാളെയും ഇല്ല. മുന്നില്‍ ഈ നിമിഷം മാത്രം. അതിന് വേണ്ടത് പണവും ലഹരിയും.