ഇരിട്ടി ഉപജില്ല വിഭജനം ;മുഖം തിരിച്ച് സർക്കാർ
@noorul ameen
ഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്‌ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിനോട് മുഖം തിരിച്ച സർക്കാർ.
ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പേരാവൂർ, ഇരിട്ടി എന്നിങ്ങനെ രണ്ട് ഉപജില്ലകളായി വിഭജിക്കണമെന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഏറെ വർഷത്തെ ആവശ്യമാണ് സർക്കാർ നിരാകരിച്ചത്. ഉപജില്ല വിഭജിച്ച് രണ്ട് ഉപജില്ലാ കേന്ദ്രങ്ങളായി പ്രവർത്തനമാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കീഴൂർ വി യുപി സ്‌കൂൾ അറബിക് അധ്യാപകൻ കെ.കെ.അബ്‌ദുൾ അസീസ് കഴിഞ്ഞ നവകേരള സദസ്സിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മറ്റ് വകുപ്പ് മേധാവികൾക്കും നൽകിയ നിവേദനത്തിനു മറുപടിയായാണ് ഇരിട്ടി ഉപജില്ല വിഭജനം എന്ന അജണ്ട സർക്കാരിനില്ലെന്നും ഈ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്നുമുള്ള രേഖാമൂലമുള്ള അറിയിപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയത്.
ഖാദർ കമ്മിറ്റി റിപ്പോർട്ടു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 3 തലങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഏകീകൃതഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്നതിനും അതിനനുസൃതമായി ഓഫിസുകളുടെ സംയോജനവും നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആയതിനാൽ നിലവിൽ ഇരിട്ടി ഉപജില്ല രണ്ട് വിദ്യാഭ്യസ ഉപജില്ലകളായി വിഭജിക്കാൻ നിർവാഹമില്ലെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നത്. ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലായി വയനാടിന്റെ അതിർത്തി പങ്കിടുന്ന കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുതൽ കർണ്ണാടകയുടെ അതിർത്തി പങ്കിടുന്ന പായം പഞ്ചായത്തു വരെ 103 വിദ്യാലയങ്ങളാണ് ഇരിട്ടി ഉപജില്ലയിൽ 222.
വയനാടിന്റെ അതിർത്തി പ്രദേശമായ ഏലപ്പീടിക മുതൽ കർണ്ണാടകത്തിന്റെ അതിർത്തിയായ പേരട്ട വരെ നീണ്ടു കിടക്കുന്ന മലയോര പ്രദേശങ്ങളിൽ നിന്ന് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കുമായി ഇരിട്ടി ഉപജില്ലാ ഓഫിസ് ആസ്ഥാനമായ ഇരിട്ടിയിലെത്തിച്ചേരുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഇതിനു പരിഹാരമായാണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂർ കേന്ദ്രമാക്കി മറ്റൊരു വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന ആവശ്യമുയർന്നത്.