ആറളം ഫാമിൽ നിന്നും ഉൽപാദിപ്പിച്ച് സംസ്കരണം നടത്തിയ കശുവണ്ടി പുറത്തിറക്കി

ആറളം ഫാമിൽ നിന്നും ഉൽപാദിപ്പിച്ച് സംസ്കരണം നടത്തിയ കശുവണ്ടി  പുറത്തിറക്കി 

























ഇരിട്ടി: ആറളം ഫാമിൽ നിന്നും ഉൽപാദിപ്പിച്ച് സംസ്കരണം നടത്തിയ കശുവണ്ടി  ജില്ലാ കളക്ടറും ആറളം ഫാം ചെയർമാനുമായ  അരുൺ.കെ. വിജയൻ  ഐ എ എസ്  എം എൽ എ അഡ്വ. സണ്ണി ജോസഫിന്  നൽകി ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ സബ് കളക്ടറും  ആറളം ഫാം എം ഡിയുമായ  കാർത്തിക് പാണിഗ്രഹി ഐ എ എസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ. വേലായുധൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ .പി. നിതീഷ് കുമാർ,  മാർക്കറ്റിംഗ് ഓഫീസർ ആശാ പ്രഭാകരൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്,  മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ആറളം പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്ന് ലഭ്യമായ പദ്ധതി പ്രകാരമാണ് കശുവണ്ടി പ്രോസസിംഗ് യൂണിറ്റ് ഫാമിൽ ആരംഭിച്ചിരിക്കുന്നത്. 21 ലക്ഷം രൂപയുടെ പദ്ധതി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ആദിവാസി പുനരുധിവാസ മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്ക് പരിശീലനം നൽകി അവരെ സജ്ജരാക്കിയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ ശേഖരിക്കുന്ന മുഴുവൻ കശുവണ്ടിയും വിപണിയിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ പുതിയ പ്രോസസിങ് യൂണിറ്റിലൂടെ സംസ്കരിച്ച കശുവണ്ടിയും മറ്റു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലേക്ക് എത്തിക്കുവാൻ ആണ് ഫാം മാനേജ്മെൻറ് ഒരുങ്ങുന്നത്. ഇതിലൂടെ വരുമാനത്തിൽ നല്ല മാറ്റം ഉണ്ടാകും എന്നാണ് കരുതുന്നത്. ഒരിറ്റു രാസവളം പോലും ഉപയോഗിക്കാത്ത പൂർണ്ണമായും ജൈവരീതിയിൽ ഉത്പാദിപ്പിച്ച കശുവണ്ടിയാണ് ആറളം ഫാമിലേത്. ആയതിനാൽ കശുവണ്ടിയുടെ ഗുണനിലവാരവും രുചിയും മികച്ചതാണ്. ആറളം ഫാമിന്റെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് കശുവണ്ടി സംസ്കരണവും ആരംഭിച്ചിരിക്കുന്നത്.