
കോഴിക്കോട്: താമരശ്ശേരിയിലെ പാത്താം തരം വിദ്യാര്‍ത്ഥി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ കഴിയും മുമ്പ് വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. കഴിഞ്ഞ ദിവസമാണ് ഊമക്കത്ത് ലഭിച്ചത്.
ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് താമരശ്ശേരി കോരങ്ങാട് ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകന് കഴിഞ്ഞ ആഴ്ച ഊമക്കത്ത് ലഭിച്ചത്. വിദ്യാർത്ഥികൾക്ക് ഏതാനും പരീക്ഷകൾ മാത്രമേ എഴുതാൻ കഴിയൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അപായപ്പെടുത്തുമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതിയ കത്ത് സാധാരണ തപാലിലാണ് സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്. വിലാസം രേഖപ്പെടുത്താതെയായിരുന്നു കത്ത്. സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ പിടിയിലായ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് അയച്ചത് എന്ന് നിഗമനത്തിലാണ് പൊലീസ്.
കത്തില്‍ വ്യക്തമാകാത്ത പോസ്റ്റോഫീസ് സീല്‍ കണ്ടെത്തി അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹബാസ് കൊലക്കേസില്‍ ആറു വിദ്യാര്‍ത്ഥികളാണ് കുറ്റാരോപിതര്‍. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി നാളെ പരിഗണിക്കും. മര്‍ദനത്തിനും മറ്റും മറ്റാരെങ്കിലും സമൂഹമാധ്യമ ഗ്രൂപ്പുവഴി പ്രേരണ നല്‍കിയോ എന്നും പൊലീസ് പരിശോധിക്കുകയാണ്.