
ജോലി കിട്ടാനില്ലാത്തത് ഇന്ന് ഒരു വലിയ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് പോലും ജോലി കിട്ടാനില്ല എന്നതാണ് അവസ്ഥ. അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് റെഡ്ഡിറ്റിൽ ഒരാൾ. 20 വർഷത്തിലധികം എക്സ്പീരിയൻസ് ഉള്ള, വൈസ് പ്രസിഡണ്ടായും ഡയറക്ടറായും ഉയർന്ന പദവി വഹിച്ചിട്ടുള്ള താൻ കഴിഞ്ഞ 15 മാസമായി തൊഴിൽരഹിതനാണ്.
ഇത്രയും മോശമായ അവസ്ഥ ഇതിന് മുമ്പുണ്ടായിട്ടില്ല. നിരവധി കമ്പനികളിലും സ്റ്റാർട്ടപ്പ്, കൺസൾട്ടിംഗ് സ്ഥാപനങ്ങളിലും മുൻ വൈസ് പ്രസിഡന്റും ഡയറക്ടർ ലെവൽ പ്രൊഫഷണലുമായിരുന്നു താൻ. എന്നാൽ, ജോലിയില്ലാതെ 15 മാസമായി എന്നാണ് പോസ്റ്റിൽ പറയുന്നത്.
ജോലി പോയി ആദ്യമാസങ്ങളിലൊക്കെ ഇന്റർവ്യൂവിൽ പങ്കെടുക്കുമായിരുന്നു, അവസാനറൗണ്ട് വരെ എത്തുകയും ചെയ്യും. എന്നാൽ, അതിൽ തോൽക്കുകയാണ് പതിവ്. ഒന്നുകിൽ തന്റെ സ്ഥലം കൊണ്ടായിരിക്കാം, അല്ലെങ്കിൽ മറ്റാർക്കെങ്കിലും ജോലി കിട്ടുന്നതോ, ആ ജോലി ഇല്ലാത്തതോ ആവാം എന്നും 42 -കാരൻ എഴുതുന്നു.
റിട്ടയറാവാൻ തനിക്ക് ഇനിയും 20 വർഷം കൂടിയുണ്ട്. മക്കൾ കോളേജിൽ പോകാനാവുന്നു. തന്റെ മുൻഭാര്യയും കാമുകിയും എല്ലാം തന്നെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, താനാകെ തകർന്നിരിക്കുകയാണ്. ഇത് വല്ലാത്ത ഒരവസ്ഥയാണ്.
ജോബ് മാർക്കറ്റ് ആകെ പ്രതിസന്ധിയിലാണ് എന്നാണ് യുവാവ് പറയുന്നത്. ജോലി കിട്ടാനില്ല. റിക്രൂട്ടർമാർ തന്നെ അവഗണിക്കുകയാണ്. ഇത്രയും കാലം ചെയ്തിട്ടുള്ളതല്ലാത്ത എന്തെങ്കിലും ചെയ്യാൻ സാധിച്ചെങ്കിൽ എന്ന് താൻ ആഗ്രഹിക്കുകയാണ് എന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ നിരാശാജനകമായ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരാശനാകരുത് എന്നും ജോലി കിട്ടുമെന്നും യുവാവിനെ ആശ്വസിപ്പിച്ചവർ ഒരുപാടുണ്ട്.
ജോലി കിട്ടാനില്ലാത്ത അവസ്ഥയെ കുറിച്ച് ചർച്ച ഉയരാൻ യുവാവിന്റെ പോസ്റ്റ് കാരണമായിട്ടുണ്ട്.