സ്‌കൂട്ടറിന്‍റെ എന്‍ജിന്‍ ഭാഗത്ത് ഒളിപ്പിച്ചു, പൊതി ഏറെ നേരം പണിപ്പെട്ട് കണ്ടെടുത്തു; പിടികൂടിയത് കഞ്ചാവ്


സ്‌കൂട്ടറിന്‍റെ എന്‍ജിന്‍ ഭാഗത്ത് ഒളിപ്പിച്ചു, പൊതി ഏറെ നേരം പണിപ്പെട്ട് കണ്ടെടുത്തു; പിടികൂടിയത് കഞ്ചാവ്


പുല്‍പ്പള്ളി: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തവേ യുവാവിനെ എക്‌സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ഉനൈസ് (40) ആണ് കേരള - കര്‍ണാടക അതിര്‍ത്തിയായ പുല്‍പ്പള്ളി മരക്കടവില്‍ നടത്തിയ വാഹന പരിശോധനയില്‍ അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവ് പ്രതിയില്‍ നിന്നും കണ്ടെടുത്തു. 

ഉച്ചക്ക് ഒന്നരയോടെ ഇരുചക്രവാഹനത്തില്‍ എത്തിയ ഉനൈസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ എന്‍ജിന്‍ ഭാഗത്ത് ആര്‍ക്കും സംശയം തോന്നാത്ത നിലയില്‍ ഒളിപ്പിച്ചു വെച്ച കഞ്ചാവ് പൊതി വാഹനത്തിന്റെ ഭാഗങ്ങള്‍ അഴിച്ചുമാറ്റി ഏറെ നേരം പണിപ്പെട്ടാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഇയാളുടെ ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 

കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള സംഘവുമാണ് പരിശോധന നടത്തിയത്.  ഇന്‍സ്‌പെക്ടര്‍  എം കെ സുനില്‍, പ്രിവന്‍റീവ് ഓഫീസര്‍ കെ വി പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ആര്‍ രാജേഷ്, അമല്‍ തോമസ്, കെ നിഷാദ്, എന്‍ എം അന്‍വര്‍ സാദത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.