കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലുമായി വീട്ടിലും സ്ഥാപനങ്ങളിലുമായി അഞ്ചിടങ്ങളില്‍ നടന്ന റെയ്ഡിന് പിന്നാലെ വ്യവസായി ഗോകുലം ഗോപാലനെ ഇ.ഡി. ഇന്ന് ചോദ്യം ചെയ്‌തേക്കും. ചെന്നൈയിലെ ഓഫീസ്, വീട്, കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എല്‍ എ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍.
ഗോകുലം ഗോപാലനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെടുക. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും ഇന്നലെ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയാണ് ചോദ്യം ചെയ്യല്‍. ആയിരം കോടിയുടെ നിയമലംഘനം നടത്തിയതായിട്ടാണ് കേന്ദ്രഏജന്‍സിയുടെ കണ്ടെത്തല്‍. 1000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് ആരോപണം.
ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും ഇ ഡി വിവരങ്ങള്‍ തേടിയിരുന്നു. 2017 ല്‍ ആദായ നികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. എമ്പുരാന്‍ വിവാദത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് ഗോകുലം ഗോപാലനെ തേടി ഇഡിയുടെ വരവ്.
ഇ.ഡിയുടെ ഇപ്പോഴത്തെ നടപടി എമ്പുരാന്‍ സിനിമയോട് സാമ്യപ്പെടുത്തി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രം രാഷ്ടീയത്തിലേക്ക് ചുവടുറപ്പിക്കുന്ന സമയത്ത് കേന്ദ്ര ഏജന്‍സികള്‍ അവരെ പിഎംഎല്‍എ നിയമമൊക്കെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രംഗം സിനിമയിലുണ്ട്.