പ്രായവും വിദ്യാര്‍ത്ഥികളാണെന്നതും കണക്കിലെടുത്തു ; കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിംഗ് പ്രതികള്‍ക്ക് ജാമ്യം

പ്രായവും വിദ്യാര്‍ത്ഥികളാണെന്നതും കണക്കിലെടുത്തു ; കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിംഗ് പ്രതികള്‍ക്ക് ജാമ്യം


കോട്ടയം: കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കി. മുമ്പ് കുറ്റകൃത്യങ്ങളുടെ ട്രാക്ക് ഇല്ലാത്തതും പ്രതികളുടെ പ്രായവും വിദ്യാര്‍ത്ഥികളെന്ന പരിഗണനയും കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്.

കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം 45 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയത്. 40 സാക്ഷികളേയും 32 രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്.

പ്രതികള്‍ തന്നെ പകര്‍ത്തിയ പീഡനത്തിന്റെ ദൃശ്യങ്ങളാണ് കേസിലെ നിര്‍ണായക തെളിവ്. തുടര്‍ച്ചയായ റാഗിങ്ങ് സ്ഥിരീകരിക്കുന്ന വിവരങ്ങളും പ്രതികളുടെ ഫോണില്‍ നിന്ന് കിട്ടിയിട്ടുണ്ട്. പ്രതികള്‍ തന്നെയായിരുന്നു ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ച് രംഗങ്ങള്‍ പകര്‍ത്തിയത്. സാമുവല്‍ ജോണ്‍സണ്‍, എസ് എന്‍ ജീവ, റിജില്‍ ജിത്ത്, കെ പി രാഹുല്‍ രാജ്, എന്‍ വി വിവേക് എന്നിവരാണ് പ്രതികള്‍.

നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരത പുറത്തെടുത്ത പ്രതികള്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി 11 ന് പിടിയിലാകുന്നത് വരെ തുടര്‍ന്നിരുന്നു. നടന്ന സംഭവങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.