ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു, വിടപറഞ്ഞത് റഹ്മാനിയ അറബിക് കോളേജിലെ അധ്യാപകൻ

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശി യൂസഫ് ആണ് മരിച്ചത്. കടമേരി റഹ്മാനിയ അറബിക് കോളേജിൽ 17 വർഷമായി അധ്യാപകനാണ്. ഉംറ നിർവഹിക്കാനായി സ്വകാര്യ ഗ്രൂപ്പിൽ എത്തിയതായിരുന്നു. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം.
മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. ഖദീജയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ബഷീർ ദാരിമി, ജൂബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ. മരുമക്കൾ: അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി,മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ. ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി.