'പുഴുത്ത മൃഗത്തോടുള്ള ദയപോലും അവളോട് കാണിച്ചില്ല', ഇരിട്ടി കുന്നോത്ത് സ്വദേശിനി സ്നേഹയുടെ മരണത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി


'പുഴുത്ത മൃഗത്തോടുള്ള ദയപോലും അവളോട് കാണിച്ചില്ല', സ്നേഹയുടെ മരണത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി


ഇരിട്ടി :   പായം കുന്നോത്ത് സ്വദേശിനിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് കുടുംബത്തിന്റെ പരാതി. പായം സ്വദേശിനി സ്നേഹയെയാണ് കഴിഞ്ഞ ദിവസം ഭർത്താവ് ജിനീഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്നേഹയെ ജിനീഷിന്റെ വീട്ടിലെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്നേഹയുടെ മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. ഭർതൃവീട്ടിൽ നിന്ന് സ്നേഹയ്ക്ക് നിരന്തരം ദേഹോപദ്രവം നേരിടേണ്ടി വന്നെന്നാണ് ബന്ധുക്കളുടെ ആരോപണം.

മർദനത്തെ കുറിച്ച് സ്നേഹയുടെ ഇളയമ്മ ബന്ധുവിനയച്ച വാട്സാപ്പ് ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുഴുത്ത മൃഗത്തോട് കാണിക്കുന്ന ദയ പോലും അവളോട് കാണിക്കുന്നിലലെന്ന് അവര്‍ പറയുന്നു. നാല് വർഷം മുൻപായിരുന്നു സ്നേഹയുടേയും ജിനീഷിന്റേയും വിവാഹം. ഇരുവർക്കും മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുമുണ്ട്. 

സ്നേഹയുടെ ആത്മഹത്യയിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലോറി ഡ്രൈവറായ ഭർത്താവ് ജിനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.