ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എല്‍വി സി-61 വിക്ഷേപണം പരാജയം; പരാജയ കാരണം ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിലുണ്ടായ പ്രശ്‌നങ്ങള്‍: പാളിപ്പോയത് ഐഎസ്ആര്‍ഒയുടെ 101-ാമത് വിക്ഷേപണം

ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എല്‍വി സി-61 വിക്ഷേപണം പരാജയം; പരാജയ കാരണം ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിലുണ്ടായ പ്രശ്‌നങ്ങള്‍: പാളിപ്പോയത് ഐഎസ്ആര്‍ഒയുടെ 101-ാമത് വിക്ഷേപണം



ചെന്നൈ: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവുമായ ഇഒഎസ് വിക്ഷേപണം പരാജയം. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്നാണ് ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എല്‍വി സി61 കുതിച്ചുയര്‍ന്നത്.് വിക്ഷേപണം നടന്നെങ്കിലും ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ അറിയിച്ചു. ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിലാണ് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ 101ാമത്തെ വിക്ഷേപണവും പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു ഇന്നത്തേത്. എന്നാല്‍ ദൗത്യം തുടങ്ങി മൂന്നാം ഘട്ടത്തിലെത്തിയപ്പോഴേക്കും പരാജയപ്പെട്ടു. ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്.

വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ പിഎസ്എല്‍വി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. 1,710 കിലോഗ്രാം ഭാരമുള്ളതാണ് ഇഒഎസ്-09. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാവും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശക്തമായ ഉപഗ്രഹമായി മാറും ഇഒഎസ്- 09.

റഡാര്‍ ഉപയോഗിച്ച് ഭൗമനിരീക്ഷണം നടത്തുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്)ശ്രേണിയില്‍പ്പെട്ട ഇഒഎസ്-09-ന് അഞ്ചു വര്‍ഷമാണ് ആയുസ്സ്. നേരത്തെ റിസാറ്റ് 1ബി എന്നായിരുന്നു ഇതിനു പേരിട്ടിരുന്നത്. പിഎസ്എല്‍വിയുടെ 63-ാമത്തെ വിക്ഷേപണദൗത്യം കൂടിയാണിത്.