നിര്‍ത്താതെ വയറുവേദനയും ഛര്‍ദിയും, 14 കാരിയുടെ വയറ് പരിശോധിച്ചപ്പോൾ ഞെട്ടി; നീക്കിയത് 210 സെമി. മുടിക്കെട്ട്


നിര്‍ത്താതെ വയറുവേദനയും ഛര്‍ദിയും,  14 കാരിയുടെ വയറ് പരിശോധിച്ചപ്പോൾ ഞെട്ടി; നീക്കിയത് 210 സെമി. മുടിക്കെട്ട്


ജയ്പൂർ: 14 വയസുകാരിയുടെ വയറ്റിൽ നിന്ന് 210 സെന്റീമീറ്റർ നീളമുള്ള മുടിക്കെട്ട് വിജയകരമായി നീക്കം ചെയ്ത് ജയ്പൂരിലെ ഡോക്ടർമാർ. നീക്കം ചെയ്തതിൽ ഏറ്റവും നീളമുള്ള മുടിക്കെട്ടിന്റെ മുൻ റെക്കോർഡ് 180 സെന്റീമീറ്ററാണ്. ഇതോടെ ലോകത്ത് തന്നെ ഏറ്റവും വലിയ മുടിക്കെട്ട് നീക്കം ചെയ്യൽ ശസ്ത്രക്രിയയാണ് ആഗ്രയിൽ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ആഗ്രയിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടിക്ക് ഒരു മാസത്തിലേറെയായി വയറുവേദനയും ഛർദ്ദിയും ഉണ്ടായിരുന്നു. ബുദ്ധിമുട്ടുകൾ  ഏറി വന്നപ്പോഴാണ് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ, അവളുടെ വയറ്റിൽ നിന്ന് പൊക്കിളിനും വയറിന്റെ മുകൾ ഭാഗത്തും വലത് ഭാഗത്തും വരെ നീളമുള്ള പിണ്ഡം ഡോക്ടർമാർ കണ്ടെത്തി. കോൺട്രാസ്റ്റ് എൻഹാൻസ്ഡ് സിടി സ്കാൻ പരിശോധനയിൽ അവളുടെ ആമാശയത്തിൽ അസാധാരണമായ ഒരു വസ്തു നിറഞ്ഞിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഇതോടെ ഡോക്ടര്‍മാര്‍ ഉടനടി (ലാപ്പറോടോമി) വയറ് തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ആമാശയം തുറന്നുള്ള ശസ്ത്രക്രിയ  ചെയ്യുന്നതിനിടെയെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം വ്യക്തമായത്. മുടിക്കെട്ട് ആമാശയത്തിനപ്പുറം ചെറുകുടലിലെ ഡിസ്റ്റൽ ഇലിയം വരെ നീണ്ടിരിക്കുകയായിരുന്നു. മുടിക്കെട്ട് പൊട്ടാതെ ഒറ്റ കഷണമായി പുറത്തെടുക്കുക എന്നതായിരുന്നു വലിയ വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂടി പൊട്ടിയിരുന്നെങ്കിൽ കുടലിൽ പലയിടത്തും മുറിവുകളുണ്ടാക്കേണ്ടി വരുന്ന സാഹചര്യമായിരുന്നു.

മുടിക്കെട്ട് ഇത്രയും വലുതായതിനാൽ സാധാരണ ശസ്ത്രക്രിയ ബുദ്ധിമുട്ടാണെന്ന്  മനസ്സിലാക്കി. തുടര്‍ന്ന് ആമാശയത്തിൽ ഒരു ചെറിയ മുറിവുണ്ടാക്കി, അതിലൂടെ മുടിക്കെട്ട് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുകയായിരുന്നു.  സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ഡോ. ജീവൻ കങ്കാരിയ നേതൃത്വം നൽകി. ഡോ. രാജേന്ദ്ര ബുഗാലിയ, ഡോ. ദേവേന്ദ്ര സൈനി, ഡോ. അമിത്, ഡോ. സുനിൽ ചൗഹാൻ എന്നിവരടങ്ങുന്ന അനസ്തേഷ്യ ടീമും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സൂപ്രണ്ട് ഡോ. സുശീൽ ഭാട്ടിയും പ്രിൻസിപ്പൽ ഡോ. ദീപക് മഹേശ്വരിയും ശസ്ത്രക്രിയക്ക് പിന്തുണ നൽകി.
 
പെൺകുട്ടിക്ക് വർഷങ്ങളായി ഭക്ഷ്യയോഗ്യമല്ലാത്ത മണ്ണ്, മരക്കഷണങ്ങൾ, നൂൽ, ചോക്ക് തുടങ്ങിയവയെല്ലാം കഴിക്കുന്ന ശീലമുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചില കുട്ടികൾ ഇത് ചെയ്യുന്നത് കണ്ടതിനെ തുടർന്നാണ് അവൾക്ക് ഈ ശീലം തുടങ്ങിയതെന്ന് രക്ഷിതാക്കൾ പറയുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, 'പൈക്ക' (Pica) എന്ന മാനസികാരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ടതാണ് ഈ അവസ്ഥ. ഈ  വ്യക്തികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന സ്വഭാവമുണ്ടാകും. നീക്കം ചെയ്യപ്പെട്ടതിൽ ഏറ്റവും നീളമേറിയ (മുടിക്കെട്ട്) ട്രൈക്കോബെസോറായി രേഖപ്പെടുത്തുമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മുടിക്കെട്ട് ചെറുകുടലിലെ മുഴുവൻ ഭാഗത്തും വ്യാപിച്ചിരുന്നത്, സുരക്ഷിതമായി നീക്കം ചെയ്യാനായി ഒരു അപൂർവവും ശ്രദ്ധേയവുമായ മെഡിക്കൽ നേട്ടമാണെന്നും അവര്‍ പറഞ്ഞു.