കൊച്ചി കപ്പല്‍ അപകടം: കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്നറുകള്‍; 13 കണ്ടെയ്നറുകളില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ ചരക്കുകള്‍


കൊച്ചി കപ്പല്‍ അപകടം: കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്നറുകള്‍; 13 കണ്ടെയ്നറുകളില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ ചരക്കുകള്‍


കൊച്ചി പുറംകടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ 3യില്‍ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്‌നറുകള്‍. ഇതില്‍ 73 എണ്ണം കാലിയായിരുന്നുവെന്നും 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ ചരക്കുകള്‍ ഉണ്ടായിരുന്നതായുമാണ് വിവരം. ചീഫ് കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, തിരുവനന്തപുരം സോണ്‍ പുറത്ത് വിട്ട പബ്ലിക് അഡൈ്വസറിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് അസറ്റിലീന്‍ വാതകം പുറപ്പെടുവിക്കുമെന്നും അഡൈ്വസറിയില്‍ പറയുന്നുണ്ട്. കപ്പലിന് തകരാര്‍ ഉണ്ടായിരുന്നുവെന്നും അത് കൃത്യമായി പരിഹരിച്ചില്ലെന്നും കണ്ടെത്തലുണ്ട്.

കേരള തീരത്ത് നിരീക്ഷണത്തിനായി കസ്റ്റംസ് മറൈന്‍ ആന്‍ഡ് പ്രിവന്റീവ് യൂണിറ്റിനെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് നിരീക്ഷണം നടത്തും. തീരത്തേക്ക് ഒഴുകിയെത്തുന്ന കണ്ടയ്‌നറുകള്‍ തൊടരുതെന്നും നിര്‍ദേശമുണ്ട്. ഇത്തരം എന്തെങ്കിലും വസ്തുക്കള്‍ കണ്ടെത്തിയാല്‍ കസ്റ്റംസ് അധികൃതരെ ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

കപ്പലിലെ നാവികരെ ഇന്ന് തീരത്ത് എത്തിച്ചിരുന്നു. 21 പേരെ ഐ സി ജി അര്‍ണവേഷിലും, മൂന്ന് പേരെ INS സുജാതയിലും ആണ് രക്ഷപ്പെടുത്തിയത്. കോസ്റ്റുഗാര്‍ഡ് കപ്പലായ അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും നിരീക്ഷണം തുടരുകയാണ്. ഇന്നലെ വിഴിഞ്ഞം പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ കൊച്ചി പോര്‍ട്ടില്‍ അടുപ്പിക്കുന്നതിന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ചെരിഞ്ഞത്. എന്താണ് അപകടകാരണം എന്ന് ഇനിയും വ്യക്തമല്ല.