വിമാനയാത്രയ്ക്കിടയിൽ 'തടിച്ചി' എന്ന് വിളിച്ചതിന് കുട്ടിയെ തല്ലി, യുവതി അറസ്റ്റിൽ

വിമാനയാത്രയ്ക്കിടയിൽ 'തടിച്ചി' എന്ന് വിളിച്ചതിന് കുട്ടിയെ തല്ലി, യുവതി അറസ്റ്റിൽ


വിമാനയാത്രയ്ക്കിടയിൽ ബോഡി ഷേമിംഗ് നടത്തി എന്നതിന്റെ പേരിൽ കുട്ടിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ. യാത്രക്കിടയിൽ തന്നെ 'തടിച്ചി' എന്നും 'പിഗ്ഗി' എന്നും വിളിച്ച് ആക്ഷേപിച്ചു എന്ന് ആരോപിച്ചാണ് യാത്രക്കാരിയായ യുവതി വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയെ മർദ്ദിച്ചത്. അമേരിക്കയിലെ മെറിലാൻഡിൽ നിന്നുള്ള ക്രിസ്റ്റി ക്രംപ്ടണ്‍ എന്ന 46 -കാരിയാണ് അറസ്റ്റിലായത്.

ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ളോറിഡയില്‍ നിന്നുവന്ന വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തിനുള്ളിൽ വച്ച് ക്രിസ്റ്റിയും കുട്ടിയും തമ്മിൽ ഏറെനേരം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

സംസാരത്തിനിടയിൽ ക്രിസ്റ്റി കുട്ടിയെ അടിക്കുകയും തല ബലമായി പിടിച്ച് വിമാനത്തിന്റെ ജനാലയിൽ ഇടിക്കുകയും ചെയ്യുകയായിരുന്നു എന്നും സഹയാത്രികരായ ദൃക്സാക്ഷികൾ വെളിപ്പെടുത്തിയതായാണ് സാന്‍ഫോര്‍ഡ് എയര്‍പോര്‍ട്ട് പൊലീസ് പറയുന്നത്. 

ക്രിസ്റ്റിയും കുട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവർ സഹയാത്രികർ മാത്രമാണോ അതോ ക്രിസ്റ്റിയുടെ ബന്ധുവാണോ കുട്ടി എന്ന കാര്യം വ്യക്തമല്ല.

വളരെ മോശമായ രീതിയിലാണ് കുട്ടി ക്രിസ്റ്റിയോട് സംസാരിച്ചത് എന്നാണ് സഹയാത്രികർ പറയുന്നത്. എന്നാൽ, അത് തിരുത്തുകയോ അവഗണിക്കുകയോ ചെയ്യുന്നതിന് പകരം ക്രിസ്റ്റി കുട്ടിയുമായി വാഗ്വാദത്തിൽ ഏർപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും സഹയാത്രികർ കൂട്ടിച്ചേർത്തു. 

യാത്രക്കിടയിൽ കുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി വച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മൊബൈൽ ഫോൺ വാങ്ങിയതിൽ അസ്വസ്ഥനായ കുട്ടി ക്രിസ്റ്റിയെ അധിക്ഷേപിക്കുകയായിരുന്നു. കൂടാതെ ക്രിസ്റ്റിയുടെ കൈ കുട്ടി ആം റെസ്റ്റിൽ നിന്ന് തള്ളി താഴെ ഇടുകയും ചെയ്തുവെന്നും സഹയാത്രികർ പറയുന്നു. 

വിമാനത്തിൽ കയറിയത് മുതൽ കുട്ടിയെക്കൊണ്ട് വലിയ ശല്യമായിരുന്നു. തന്നെ മോശം വാക്കുകൾ വിളിച്ചു അപമാനിച്ചു. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് താൻ കുട്ടിയെ മർദ്ദിച്ചത് എന്ന് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. അറസ്റ്റു ചെയ്ത് സമിനോള്‍ കൗണ്ടി ജയിലിലേക്ക് അയച്ച ക്രിസ്റ്റിയെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ഏകദേശം എട്ടരലക്ഷം രൂപ ബോണ്ടിന്മേലാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്.