
സർക്കാർ പിന്തുണയില്ലാതെ അടുത്ത സാമ്പത്തിക വർഷത്തിനപ്പുറം പ്രവർത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ച് വോഡഫോൺ ഐഡിയ. എ.ജി.ആർ കുടിശ്ശികകളിൽ സർക്കാർ അടിയന്തിര ഇളവ് നൽകിയില്ലെങ്കിൽ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരാവുമെന്ന് ടെലികോം വകുപ്പിനെ അറിയിച്ചിരിക്കുകയാണ് കമ്പനി.
കേന്ദ്ര സർക്കാരിൽ നിന്ന് 26,000 കോടി രൂപയുടെ ഇക്വിറ്റി ഇൻഫ്യൂഷനും 36,950 കോടി രൂപയുടെ ഇക്വിറ്റി കൺവേർഷനും നടത്തിയിട്ടും ബാങ്കുകളിൽ നിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് വോഡഫോൺ ഐഡിയ പറയുന്നു. 58,000 കോടിയോളം രൂപയാണ് കുടിശികയായി വോഡഫോൺ സർക്കാരിന് നൽകാനുള്ളത്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശികയിൽ നിന്ന് 30,000 കോടിയിലധികം രൂപ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വോഡഫോൺ ഐഡിയ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ മെയ് 19 ന് സുപ്രീംകോടതി വാദം കേൾക്കും.
ടെൽകോയുടെ സ്‌പെക്ട്രം ലേല കുടിശ്ശിക 36,950 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാൻ മാർച്ചിൽ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് വിഐയുടെ ഹർജി. ടെലികോം മേഖലയിലെ മത്സരം നിലനിർത്തുന്നതിന് വോഡഫോൺ ഐഡിയയുടെ നിലനിൽപ്പ് നിർണായകമാണെന്നും കമ്പനിക്ക് സ്വന്തമായി സാമ്പത്തിക ഭാരം വഹിക്കാൻ കഴിയില്ലെന്നും വിഐയുടെ അഭിഭാഷകൻ പറയുന്നു.
എജിആർ കുടിശികയിൽ ഇടപെടലുണ്ടാകാതെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്ന സ്ഥിതി വന്നാൽ അത് സർക്കാരിന് തന്നെയാണ് നഷ്ടമാവുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് നിക്ഷേപകരെയും ബാധിക്കും. സേവനം അവസാനിപ്പിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ വിഐയുടെ 20 കോടി ഉപഭോക്താക്കളെയാണ് ബാധിക്കുക.