തളിപ്പറമ്പിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ ഇര്‍ഷാദിന്റെ വീടിനു നേരെ ആക്രമണം

'രാത്രി 11 മണിക്കാണ് സംഭവം. ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നത്. കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഒന്‍പതോളം പേര്‍ അടങ്ങുന്ന സംഘമെത്തി ആക്രമിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് പോലും മനസ്സിലായില്ല. മലപ്പട്ടണത്തെ പരിപാടിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന അച്ഛനും അമ്മയും അടക്കം തളര്‍ന്നിരിക്കുകയാണ്. സിപിഐഎം പ്രവര്‍ത്തകരാണ് പിന്നില്‍', ഇര്‍ഷാദ് റിപ്പോർട്ടറിനോട് പറഞ്ഞു.
വിവാദ മുദ്രാവാക്യം വിളിച്ച ജാഥയില്‍ പങ്കെടുത്തിരുന്നു. മുദ്രാവാക്യം വിളിച്ചിട്ടില്ല. ജാഥയെ നിയന്ത്രിക്കുകയായിരുന്നുവെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
മലപ്പട്ടത്തെ സിപിഐഎം - യൂത്ത് കോൺഗ്രസ് സംഘർഷത്തിന് പിന്നാലെ ജില്ലയിൽ പലയിടത്തും ഭീഷണിയും കൊലവിളിയുമുണ്ടായി. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ജില്ലയിലെ പലയിടങ്ങളിലായി നടത്തിയ പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലുമാണ് ഭീഷണി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഉയർന്നത്. യൂത്ത് കോൺഗ്രസ് യാത്രയിലെ ധീരജിനെ കുത്തിയ കത്തി തിരിച്ചെടുത്തു പ്രയോഗിക്കും എന്ന കൊലവിളി മുദ്രാവാക്യത്തിൽ ഡിവൈഎഫ്ഐ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ വ്യാപകമായി ഭീഷണി മുദ്രാവാക്യങ്ങളാണ് ഉയർന്നത്