ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു


ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു


കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. കളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ റെയില്‍വെ ട്രാക്കില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ഉള്ള ട്രെയിന്‍ ഗതാഗതം നിലയ്ക്കും. രണ്ടു ഭാഗത്തേക്കും ഉള്ള ഇലക്ട്രിക് ലൈനുകള്‍ പൊട്ടി നിലത്ത് വീണു. ആല്‍ മരമാണ് മറിഞ്ഞു വീണത്.

പല ട്രെയിനുകളും അങ്കമാലി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. തിരുവനന്തപുരം കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ലെന്നാണ് വിവരം. രാത്രിയില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ല എന്ന റെയില്‍വേ അറിയിച്ചു.

കോഴിക്കോടും കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം.
മൂന്നുമരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.