തമിഴ്നാട്ടിൽ ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

തമിഴ്നാട്ടിൽ ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്




ദന്താശുപത്രിയിൽ ചികിത്സതേടിയ 8 പേർ ഒന്നിനു പുറകെ ഒന്നായി മരിച്ചതായി വിവരം. തമിഴ്നാട് തിരുപ്പട്ടൂർ ജില്ലയിലെ വാണിയമ്പാടിയിൽ 2023-ലാണ് സംഭവം. വാണിയമ്പാടിയിലെ സ്വകാര്യ ദന്താശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ 8 പേരാണ് അണുബാധ മൂലം മരിച്ചത്. ചികിത്സയ്‌ക്കായി വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.സംഭവം നടന്നത് 2023-ലാണെങ്കിലും ഒരു സർക്കാർ ഏജൻസിയും ഇക്കാര്യം അന്ന് റിപ്പോർട്ട് ചെയ്തിരുന്നില്ല.

തുടർന്ന്, ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ സംഭവം പുറത്തുവന്നത്. സിഎംസി വെല്ലൂർ, ഐസിഎംആർ-എൻഐഇ, തമിഴ്‌നാട്ടിലെ പബ്ലിക് ഹെൽത്ത് ഡയറക്‌ടറേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വൃത്തിഹീനമായ ദന്തചികിത്സാ രീതികൾ മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. ന്യൂറോമെലിയോയിഡോസിസ് എന്ന അപൂർവവും മാരകവുമായ തലച്ചോറിനെ ബാധിക്കുന്ന അണുബാധ മൂലമാണ് എട്ട് പേരും മരിച്ചതെന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ന്യൂറോമെലിയോയിഡോസിസ് നാഡീ വ്യവസ്ഥയെ നേരിട്ട് ബാധിക്കുകയും തൽക്ഷണം മരണത്തിന് കാരണമാവുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. പനി, തലവേദന, കാഴ്ചക്കുറവ് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സലൈൻ ബോട്ടിൽ തുറക്കാൻ ഉപയോഗിച്ച വൃത്തിഹീനമായ ശസ്ത്രക്രിയാ ഉപകരണം ആയിരിക്കാം അണുബാധയുടെ ഉറവിടമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതേ കുപ്പിയിൽ നിന്നുള്ള സലൈൻ തന്നെ മറ്റ് രോഗികൾക്കും ഉപയോഗിച്ചതോടെയാണ് 10 പേർക്ക് അണുബാധയുണ്ടായത്. അതിൽ എട്ട് പേർ പിന്നീട് മരിച്ചു.